മലപ്പുറം: കാലവര്‍ഷം എത്തും മുന്‍പേ ഭാരതപുഴയില്‍ നിന്ന് അവസാനതരി മണലും വാരിയെടുക്കാനുള്ള ആര്‍ത്തിയിലാണ് അനധികൃത മണല്‍വാരല്‍ സംഘങ്ങള്‍. ജൂണില്‍ മഴ ശക്തിപ്രാപിച്ച് നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിന് മുന്‍പ് പുഴയിലെ മണല്‍ കടത്താവുന്ന അത്രയും കൊള്ളയടിക്കാന്‍ രാപകലില്ലാതെയാണ് മണല്‍ മാഫിയാസംഘങ്ങള്‍ പണിയെടുക്കുന്നത്. രാത്രിയെന്നും പകലെന്നും ഭേദമില്ലാതെ പുഴയില്‍ നിന്ന് ലോറികളിലും ട്രാക്ടറുകളിലും മണല്‍ക്കൊള്ള തുടരുന്നു. ലോറി പുഴയിലിറക്കി മണല്‍ നിറക്കരുതെന്നാണ് ചട്ടമെങ്കിലും ഇവിടെ നിയമങ്ങള്‍ക്ക് പുല്ലുവിലയാണ്.
ചെറുതുരുത്തി, കുറ്റിപ്പുറം, പൊന്നാനി ഭാഗങ്ങളിലെല്ലാം നിരവധി ലോറികളാണ് പുഴയിലിറക്കി മണല്‍ നിറച്ച് മടങ്ങുന്നത്. പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം നല്കിയാല് തങ്ങളുടനെ സ്ഥലത്തെത്തുമെന്നാകും മറുപടി. എന്നാല്‍ മിക്കവാറും പോലീസ് സംഘം അരമണിക്കൂറോ, ഒരു മണിക്കൂറോ കഴിഞ്ഞ് എത്തുമ്പോഴേക്ക് ലോറികളുമായി മണല്‍മാഫിയാസംഘം കടന്നുകഴിഞ്ഞിരിക്കും. പോലീസ് സ്റ്റേഷനില്‍ നിന്നുതന്നെ വിവരങ്ങള്‍ ഇവര്‍ക്ക് അപ്പപ്പോള്‍ ലഭിക്കുന്നുണ്ട്. അനധികൃത മണല്‍വാരലിനെതിരെ ശക്തമായ പ്രതിഷേധവും ബോധവല്‍ക്കരണവും നടക്കുന്നുണ്ടെങ്കിലും പ്രാദേശികമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.
പലയിടത്തും പുഴയില്‍ ജെസിബി ഉപയോഗിച്ച് മണല്‍ എടുത്തതുമൂലം വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് വെള്ളം നിറയുന്നതോടെ ഇത്തരം കുഴികളില്‍ അപകട സാധ്യതകള്‍ പതിയിരിക്കുന്നു. നീന്താനും മീന്‍പിടിക്കാനും മറ്റും പുഴയില്‍ ഇറങ്ങുന്നവര്‍ ഇത്തരം ചതിക്കുഴികളില്‍ പെട്ട് മരണമടയുന്ന സംഭവങ്ങള്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. ലോറിയില്‍ മണല്‍ കടത്തുന്നതിനുപുറമെ കടല്‍മാര്‍ഗവും വന്‍തോതില്‍ മണല്‍ കടത്തുന്നുണ്ട്. പൊന്നാനി അഴിമുഖത്തുനിന്ന് കണ്ടെയ്നറുകളില്‍ നിറച്ച മണല്‍ കടത്തുന്നത് പ്രധാനമായും കൊച്ചിയിലെ നിര്‍മ്മാണ കരാറുകാര്ക്കുവേണ്ടിയാണ്.
മണലിന് ക്ഷാമം അനുഭവപ്പെടുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് സ്റ്റോക്ക് ചെയ്യാനായി മഴ എത്തും മുന്‍പേ നിര്‍മ്മാണ ലോബി വന്‍ തോതില്‍ മണല്‍ ശേഖരിക്കുന്നതായാണ് വിവരം. യാതൊരുവിധ ലൈസന്‍സും പാസും ഇല്ലാതെയാണ് കടല്‍ വഴിയുള്ള മണല്‍ കടത്ത് നടക്കുന്നത്. റോഡ് മാര്‍ഗം കടത്തുമ്പോള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ‘പടി’ നല്‍കേണ്ടിവരും. എന്നാല്‍ കടല്‍ മാര്‍ഗമാകുമ്പോള്‍ ഇത് കുറയും. പിടിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി അടക്കമുള്ള നിര്‍മ്മാണ ജോലികള്‍ക്കും ഭാരതപുഴയിലെ മണലാണ് ഉപയോഗിക്കുന്നത്.
നിയന്ത്രിതമായ അളവില്‍ മണലെടുക്കാന്‍ അനുമതി നല്‍കിയതിന്റെ മറവില്‍ നടക്കുന്ന ഭീകരമായ മണല്‍കൊള്ള ഭാരത പുഴയുടെ ചരമം വേഗത്തിലാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പുഴയിലെ മണല്‍ നഷ്ടപ്പെടുന്നതോടെ നീര്‍വാര്‍ച്ച കുറയുമെന്നും എത്ര മഴ പെയ്താലും പുഴക്ക് പഴയതുപോലെ ഒഴുകാന്‍ കഴിയില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: