കൊച്ചി: വൈദ്യുതോല്പാദനത്തില് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പാരമ്പര്യേതര ഊര്‍ജസ്രോതസുകളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഓരോ വര്‍ഷവും ലഭിക്കുന്ന മഴയുടെ അളവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതിക്കായി ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമാകില്ല. ഊര്‍ജ വിനിയോഗത്തില്‍ മിതത്വം പാലിക്കുന്നതിലേക്ക് സമൂഹത്തെ നയിക്കുന്ന കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ല പഞ്ചായത്തും എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയും സംയുക്തമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച രണ്ടാമത് എനര്‍ജി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബെന്നി ബഹന്നാന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സെക്രട്ടറി കെ. സോമന്, ട്രഷറര്‍ എന്‍.എ. മുഹമ്മദുകുട്ടി, വി.കെ. ദാമോദരന്‍, കേശവദാസ്, പി.ഐ. സൈനുദ്ദീന്‍, ബാബു ജോസഫ്, വി.ഡി. സുരേഷ്, കെ.എം. അമാനുള്ള, സാന്റി മാത്യു, ഡോ. നിസാം റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.
സിവില്‍ സ്റ്റേഷന് വളപ്പില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ബെന്നി ബഹന്നാന് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ കമ്പനികളുടെ പമ്പുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ പാനലുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, സോളാര്‍ ഇന്‍വര്‍ട്ടറുകള്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ വന്‍ ശേഖരമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: