കൊച്ചി: ഹിന്ദുവെന്ന് ഉറക്കെ പറഞ്ഞാല്‍ തീവ്രവാദിയെന്ന് സമൂഹം മുദ്രകുത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് നടന് ദേവന്. അസൂയയും വെറുപ്പും ഉപേക്ഷിച്ച് പരസ്പരം സ്നേഹിക്കാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും ശ്രമിക്കണമെന്ന് സംവിധായകന് മേജര്‍ രവി ഓര്‍മ്മിപ്പിച്ചു. എറണാകുളം മാനവസേവാ സമിതി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലും പഠനോപകരണവിതരണ ചടങ്ങിലും സംസാരിക്കുകയായിരുന്നു ഇരുവരും. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ദേവന് നിര്‍വഹിച്ചു. മേജര്‍ രവി സേവന സന്ദേശം നല്കി.
കുടുംബ കൂട്ടായ്മയിലൂടെ പരസ്പരം സ്നേഹം ഊട്ടിഉറപ്പിക്കുന്ന മഹത് കൃത്യം നിര്‍വഹിക്കുന്ന മാനവസേവാ സമിതിയെ ദേവന് അഭിനന്ദിച്ചു. മാനവസേവ മാധവസേവയെന്ന് സത്യസായിബാബ പറഞ്ഞതുപോലെയുള്ള പ്രവര്‍ത്തനങ്ങളാണ് സമിതി ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഹിന്ദു സംസ്ക്കാരം നിലനിര്‍ത്താന്‍ നമ്മുടെ ജീവന്‍വരെ കൊടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബസംഗമങ്ങള്‍ പോലുള്ള പരിപാടികള്‍ സമൂഹത്തിന് അത്യാവശ്യമാണെന്ന് മേജര്‍ രവി പറഞ്ഞു. ടിവി സീരിയലുകളില്‍നിന്ന് അസൂയയും വെറുപ്പും മനസ്സില്‍ കുത്തിനിറയ്ക്കുന്നതിന് പകരം പരസ്പരം സ്നേഹിക്കാനും ചുറ്റുമുള്ള പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കാനും നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇന്നത്തെ നിലയില്‍ എത്തിയതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. അക്കാലത്ത് പട്ടാളത്തില്‍ ചേര്‍ന്നത് ദേശസ്നേഹംകൊണ്ടല്ല. നിത്യജീവിതത്തിനുവേണ്ടി സ്വന്തം കാലില്‍ നില്‍ക്കാനായിരുന്നു അത്. ഇന്ന് സ്ഥിതി മാറി. ഓരോരുത്തരിലും ദേശസ്നേഹവും കുടുംബസ്നേഹവും വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത മേജര്‍ രവി എടുത്തുപറഞ്ഞു.
സത്യത്തെ ഉറക്കെ വിളിച്ച് പറയാന്‍ കഴിയാത്ത പരമ ദയനീയമായ അവസ്ഥയിലാണ് ഹിന്ദുവെന്ന് കവി എസ്.രമേശന് നായര്‍ അഭിപ്രായപ്പെട്ടു. ഭരണരംഗം അടിമുടി മാമോദീസ മുക്കിയിരിക്കുകയാണ്. സത്യം ആര്‍ക്കാണോ അരോചകമാകുന്നത് അവര്‍ക്ക് സത്യം അസത്യമാകുന്നു. ബ്രിട്ടീഷുകാരുടെ ‘വിഘടിപ്പിച്ച് ഭരിക്കുക’യെന്ന കുതന്ത്രം ഭരണരംഗത്ത് വിജയിച്ചപോലെ മെക്കാളെയുടെ വിദ്യാഭ്യാസതന്ത്രവും ഇവിടെ സ്വീകാര്യമായെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
മൂന്ന് വര്‍ഷം പിന്നിടുന്ന മാനവസേവാ സമിതിക്ക് കള്ളപ്പണത്തിന്റെയും കുഴല്‍ പണത്തിന്റെയുമൊന്നും കുറുക്കുവഴികള്‍ ഇല്ലെന്ന് രമേശന് നായര്‍ പറഞ്ഞു. ഇന്നത്തെ ഹിന്ദുവിരുദ്ധ രാഷ്ട്രീയത്തെ അദ്ദേഹം ശക്തിയായി വിമര്‍ശിച്ചു. നാം ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത ഉദാഹരണങ്ങള്‍ നികത്തി അദ്ദേഹം വിശദീകരിച്ചു.
മാനവസേവാ സമിതി പ്രസിഡന്റ് എ.പ്രസാദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുമാരി പൂര്ണിമാറാവു പ്രാര്‍ഥന ചൊല്ലി. കുമാരി ശ്രുതിഗാനം ആലപിച്ചു. എസ്.രമേശന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. മാനവസേവാസമിതി ജനറല്‍ സെക്രട്ടറി പി.കുട്ടിക്കൃഷ്ണന് സ്വാഗതവും മാതൃസമിതി അധ്യക്ഷ പ്രസന്ന ബാഹുലേയന് നന്ദിയും പറഞ്ഞു. പഠനോപകരണവിതരണം നടന് ദേവനും മേജര്‍ രവിയും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: