ഏഴിമല(കണ്ണൂര്‍): ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാന്ത്രിക വിദ്യകളൊന്നും കൈയിലില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. വര്‍ധിച്ചുവരുന്ന സൈബര്‍ അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ സൈബര്‍ കാമന്‍ഡ് സ്ഥാപിക്കുമെന്നും ആന്റണി പറഞ്ഞു. ഏഴിമല നാവിക അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ – ചൈന അതിര്‍ത്തി ഇപ്പോള്‍ ശാന്തമാണ്. അതിര്‍ത്തി സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ട്. അതോടൊപ്പംതന്നെ സഹകരിക്കാവുന്ന മേഖലകളുണ്ട്. അതിര്‍ത്തിപ്രശ്നം പരസ്പരം ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് സര്‍ക്കാറിന്റെ മുന്നിലുള്ള മാര്‍ഗ്ഗം. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിര്‍ത്തിയില്‍ രണ്ട് രാജ്യങ്ങളും അടിസ്ഥാന വികസനം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയേക്കാള്‍ ഒട്ടുംപിന്നിലല്ല. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാരാജ്യങ്ങളും ഭാരതവുമായി സൈനിക സഹകരണത്തിന് താല്പര്യം കാണിക്കുന്നുണ്ട്. ഏതുവെല്ലുവിളികളും നേരിടാന്‍ രാജ്യം സുശക്തമാണ്, ആന്റണി പറഞ്ഞു.
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ശക്തമാണ്. ഏത് വെല്ലുവിളികളേയും നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. സൈബര്‍ കമാന്‍ഡ് നേരത്തെ തന്നെ ആരംഭിക്കേണ്ടതായിരുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായും ആന്റണി പറഞ്ഞു.
പ്രതിരോധ ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാളും 3000 കോടി രൂപയാണ് പ്രതിരോധ മേഖലയില്‍ ചെലവഴിച്ചത്. നേരത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി അനുവദിച്ച തുകയില്‍ ഒരുഭാഗം ചെലവഴിക്കാതെ തിരികെ നല്‍കിയിരുന്നുവെന്നും ആന്റണി പറഞ്ഞു. സൈനികപരമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സൈന്യത്തെ ആധുനികവല്‍ക്കരിക്കാനുമാണ് പ്രത്യേക ഊന്നല്‍നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഏഴിമല നാവിക അക്കാദമിയില്‍ ആദ്യ ബി.ടെക് ഗ്രാജ്വേറ്റ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. 302 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 60 കേഡറ്റുകള്‍ ബി.ടെക് ഗ്രാജ്വേഷന് നേടിയവരാണ്. 23 കേഡറ്റുകള്‍ വനിതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: