പുരുഷകേന്ദ്രീകൃതമായ രാഷ്ട്രീയരംഗത്തേക്ക് തലയുയര്‍ത്തി കടന്നുചെന്ന് ആദ്യ നിയമസഭാ സാമാജികയായി ചരിത്രത്തിലിടം നേടിയ വനിതയാണ് നൂറാം പിറന്നാള്‍ പിന്നിടുന്ന റോസമ്മ പുന്നൂസ്. ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാല വനിതാ നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ വനിതാനിയമസഭാ സാമാജിക, ആദ്യ പ്രോട്ടെം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പു വിജയി, കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ട വ്യക്തി, വനിതാ കമ്മീഷന് അംഗം, സ്വാതന്ത്ര്യസമരസേനാനി, മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച അപൂര്‍വം വനിതാ നേതാക്കളില്‍ ഒരാള്‍…. അങ്ങനെ പോകുന്നു അവ.
നൂറാം വയസിലും ആനുകാലിക സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച് പഴയ സമരസ്മരണകളുടെ ആവേശത്തില്‍ കഴിയുകയാണ് രാഷ്ട്രീയകേരളത്തിന്റെ മാതൃസ്ഥാനീയ. രാഷ്ട്രീയത്തില്‍ നിന്ന് റോസമ്മ പുന്നൂസ് മാറി നിന്നിട്ട് പതിനഞ്ച് വര്‍ഷമാകുന്നു, എങ്കിലും പഴയ സഖാവിനെ ആരും മറന്നില്ല. കക്ഷിരാഷ്ട്രീയമില്ലാതെയാണ് തിരുവല്ലയിലെ കുന്നന്താനത്തിനടുത്തു പാമലയിലെ പുളിമൂട്ടില്‍ വീട്ടില്‍ നൂറാം പിറന്നാള്‍ ആശംസകളര്‍പ്പിക്കാന്‍ നേതാക്കളെത്തിയത്.
80 വര്‍ഷം സജീവ രാഷ്ട്രീയത്തിലെ സക്രിയസാന്നിദ്ധ്യമായിരുന്നു റോസമ്മ പുന്നൂസ്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും പ്രവര്‍ത്തിച്ച റോസമ്മ 1939ല്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സംവരണത്തിനായുള്ള മുറവിളി മുഴങ്ങുന്നതിന് എത്രയോവര്‍ഷം മുന്‍പ് ഒരു സംവരണ നിയമത്തിന്റെയും പിന്‍ബലമില്ലാതെ രാഷ്ട്രീയരംഗത്തും സാമൂഹ്യപ്രവര്‍ത്തനരംഗത്തും ശോഭിക്കാനായത് അവരുടെ അര്‍പ്പണ മനോഭാവംകൊണ്ടാണ്.
ധീരതയുടെ പര്യായമായി അറിയപ്പെട്ടിരുന്ന സഹോദരി അക്കമ്മാ ചെറിയാനോടൊപ്പം സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്താണ് റോസമ്മ പുന്നൂസ് പൊതുരംഗത്ത് പ്രവേശിച്ചത്. 1948ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം തോട്ടം തൊഴിലാളി മേഖലയില്‍ സജീവസാന്നിദ്ധ്യമായി നിലകൊണ്ട് നിസംഗരായ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ വിജയിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാവായിരുന്ന പി.ടി.പുന്നൂസിന്റെ ജീവിതപങ്കാളിയായതോടെ രാഷ്ട്രീയരംഗത്ത് കരുത്തുറ്റ സാന്നിദ്ധ്യമുറപ്പിക്കാന്‍ റോസമ്മ പുന്നൂസിന് കഴിഞ്ഞു.
1957ല്‍ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു. ഭര്‍ത്താവ് പി.ടി. പുന്നൂസ് ആലപ്പുഴയില്‍നിന്നു മത്സരിച്ചു ലോക്സഭയിലെത്തിയതോടെ ഒരേസമയം നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചു ജയിച്ചെത്തിയ ദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചാണ് അവസാനമായി നിയസഭയിലെത്തി.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തോടൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നല്‍കിയതാണ് തന്റെ ജീവിതവിജയത്തിന് പിന്നിലെന്നാണ് നൂറാം വയസിലും റോസമ്മ പുന്നൂസ് വിശ്വസിക്കുന്നത്. വനിതാ കമ്മീഷന് അംഗമായിരിക്കെ സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.
മസ്ക്കറ്റിലെ സലാലയില്‍ മകന് ഡോ. തോമസ് പുന്നൂസിനോടും മരുമകള്‍ ആലീസിനോടുമൊപ്പം താമസിച്ചുവരികയായിരുന്ന പഴയ സഖാവ് പിറന്നാള്‍ ആഘോഷത്തിനായാണ് തിരുവല്ലയിലെ തറവാട്ടിലെത്തിയത്. നൂറിന്റെ നിറവില്‍ പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ തിരുവല്ലയിലെ കുടുംബവീട്ടിലെത്തിയ ആദ്യനിയമസഭാസാമാജികയ്ക്ക് ഓര്മകുറവുമൂലം ഓര്ത്തെടുക്കാനാകാത്തവ മകനും ബന്ധുക്കളും വിശദീകരിക്കുന്നു.
സത്യസന്ധമായ രാഷ്ട്രീയ ജീവിതം നയിച്ച നേതാക്കളായിരുന്നു മാതാപിതാക്കളെന്ന് മക്കള്‍ അഭിമാനത്തോടെ പറയുന്നു. അപ്പനും അമ്മയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനാല്‍ താനും സഹോദരിയും വിദ്യാഭ്യാസകാലം ചെലവഴിച്ചത് ബോര്ഡിംഗിലായിരുന്നുവെന്ന് മകന് ഡോ. തോമസ് പുന്നൂസ് പറഞ്ഞു. മാറിമറിയുന്ന രാഷ്ട്രീയ പശ്ചാത്തലങ്ങളെപ്പറ്റി ഓര്‍ത്ത് പലപ്പോഴും അമ്മ ദുഃഖിക്കാറുണ്ട്. താന്‍ നിലകൊണ്ട രാഷ്ട്രീയ പ്രസ്ഥാനം രണ്ടായതില്‍ അതീവ ദുഃഖിതയാണെന്ന് ഇടയ്ക്കിടെ അമ്മ പറയാറുണ്ടെന്നും മകന് പറഞ്ഞു.
കൊടി നോക്കിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത് എന്നതും അമ്മയെപ്പറ്റി എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഓര്‍മകള്‍ക്ക് മങ്ങല്‍ ഏല്ക്കുമ്പോഴും രാഷ്ട്രീയം തന്റെ ജീവവായുവാണെന്ന് അവര്‍ വീണ്ടും വീണ്ടും ഓര്‍മിക്കാറുണ്ടെന്ന് അടുത്ത ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വനിതാ നേതാവാണ് റോസമ്മ പുന്നൂസ്. 100-ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഊര്‍ജസ്വലത കൈവിടാതെ പ്രസന്നവതിയായി ജീവിക്കാനാകുക എന്നത് അപൂര്‍വ വ്യക്തിത്വത്തിനുടമകള്ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. പഴയ സമരസ്മരണകളും സംശുദ്ധരാഷ്ട്രീയത്തിന്റെ ഓര്‍മ്മകളുമായി സജീവരാഷ്ട്രീയത്തില്‍ നിന്നൊഴിഞ്ഞു കഴിയുമ്പോഴും റോസമ്മ പുന്നൂസ് ഓര്‍മ്മിക്കപ്പെടുന്നത് സമാനതകളില്ലാത്ത അവരുടെ സമരപോരാട്ടത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും പേരിലായിരിക്കും.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: