ഹൈദരാബാദ്: വൈ.എസ്.ജഗന്മോഹന് റെഡ്ഡിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആന്ധ്രയിലെ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ കൂടി രാജിവച്ചു. മുഖ്യമന്ത്രി എന്‍.കിരണ്‍കുമാര്‍ റെഡ്ഡിക്കാണ് ഇവര്‍ രാജി നല്‍കിയത്. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് രാജിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രാജി ഔദ്യോഗികമായി സ്വീകരിച്ചോ എന്ന് വൈകിയെ അറിയാനാകൂ. ഇരുവരുടെയും രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് ഉടന്‍ അയച്ചു കൊടുക്കുമെന്ന് കരുതുന്നു. ആഭ്യന്തര മന്ത്രി സബിത ഇന്ദ്ര റെഡ്ഡി, റോഡ്സ് ആന്റ് ബില്‍ഡിംഗ്സ് മന്ത്രി ധര്‍മന പ്രസാദ റാവു എന്നിവരാണ് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ കിരണ്‍ റെഡ്ഡിയെ വസതിയില്‍ ചെന്നു കണ്ട് രാജി നല്‍കിയത്. രണ്ടു മന്ത്രിമാരും തങ്ങളുടെ മൊബെയില്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്തു വച്ചിരിക്കുകയാണ്.
തങ്ങളുടെ രാജി സ്ഥിരീകരിച്ച് രണ്ടുപേരും ഔദ്യോഗിക വാഹനങ്ങള്‍ മടക്കിനല്‍കി സ്വകാര്യവാഹനങ്ങളിലാണ് സ്വവസതികളിലേക്ക് മടങ്ങിയത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ദല്‍ഹിയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ നേരില്‍ക്കണ്ട് ആരോപണവിധേയരായ രണ്ടുമന്ത്രിമാരെയും പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുവരും രാജി നല്‍കിയത്.
മന്ത്രിമാര്‍ സ്വമേധയാ രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ദല്‍ഹിയില്‍ നാലുദിവസം തങ്ങി പ്രധാനനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് രാജി നിര്‍ദേശം ലഭിച്ചത്. അദ്ദേഹം ഹൈദരാബാദില്‍ തിരിച്ചെത്തി ധര്മനയെയും സബിതയെയും വിളിച്ചുവരുത്തുകയായിരുന്നു. ധര്‍മന ആന്ധ്രയുടെ വടക്കന്‍ തീരദേശത്തുള്ള ശ്രീകാകുളം ജില്ലക്കാരനാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ആഭ്യന്തര മന്ത്രിസ്ഥാനത്തെത്തുന്ന വനിതയായ സബിതയാകട്ടെ ഹൈദരാബാദിന് സമീപമുള്ള രംഗ റെഡ്ഡി ജില്ലക്കാരിയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ സിബിഐ നല്കിയ നാലാമത്തെ കുറ്റപത്രത്തില്‍ പേരുചേര്ക്കപ്പെട്ടതിനെത്തുടര്ന്ന് ധര്‍മന രാജി നല്‍കിയെങ്കിലും മുഖ്യമന്ത്രി അത് സ്വീകരിച്ചിരുന്നില്ല. മാത്രമല്ല ധര്‍മനയെ വിചാരണ ചെയ്യാനും മുഖ്യമന്ത്രി സിബിഐക്ക് അനുമതി നല്‍കിയില്ല.
അഞ്ചാമത്തെ കുറ്റപത്രത്തില്‍ പേരു വന്നതിനെത്തുടര്‍ന്ന് സബിതയും രാജി സന്നദ്ധത അറിയിച്ചെങ്കിലും മുഖ്യമന്ത്രി അതിനനുവദിച്ചില്ല. ഈ രണ്ടുപേരും ജഗന്മോഹന് റെഡ്ഡിയുടെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭരണകാലത്തും മന്ത്രിമാരായിരുന്നു. ജഗന്മോഹന് റെഡ്ഡിയുടെ ബിസിനസ്സില്‍ നിക്ഷേപം നടത്തിയ കമ്പനികളെ ഇരുവരും വലിയ തോതില്‍ വഴിവിട്ട സഹായിച്ചെന്നാണ് ആരോപണം.
വൈഎസ്ആറിന്റെ മന്ത്രിസഭയില്‍ സബിത ഖാനി വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ധര്മനയ്ക്ക് റവന്യു വകുപ്പാണ് നല്‍കിയിരുന്നത്. ഇതേ കേസില്‍ കഴിഞ്ഞ മെയ് മാസത്തില്‍ എക്സൈസ് മന്ത്രിയായിരുന്ന മോപ്പിദേവി വെങ്കട്ടരമണയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം വൈഎസ്ആര്‍ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവും നിക്ഷേപവും വകുപ്പ് മന്ത്രിയായിരുന്നു.
മറ്റ് മൂന്നു മന്ത്രിമാര്‍ക്കും വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന്റെ പേരില്‍ സുപ്രീംകോടതി നോട്ടീസുകള്‍ ലഭിച്ചെങ്കിലും നടപടികളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: