ലാഹോര്‍: ഭീകരസംഘടനയായ ജമാ അത്ത് ഉദ്ദവ നേതാവ് ഹാഫീസ് സയീദിന്റെ സുരക്ഷാ തലവന്റെ മൃതദേഹം ആക്രമിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖാലിദ് ബഷീറെന്ന സുരക്ഷാ തലവന്റെ മൃതദേഹം ലാഹോറിലെ കനാലിന് സമീപത്താണ് കണ്ടെത്തിയത്.
കഴിഞ്ഞ രാത്രിയില്‍ വൈകി അത്താഴം കഴിച്ചുകൊണ്ടിരിക്കെ ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തിനെത്തുടര്ന്ന് ബഷീര്‍ വീടിന് പുറത്തേക്ക് പോകുകയായിരുന്നെന്ന് അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനുശേഷം ബഷീറിനെ കാണാതാവുകയായിരുന്നു. ഏറെ പരിക്കുകളോടെ ബഷീറിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കണ്ടെത്തുകയായിരുന്നു.
ജമാ അത്ത് ഉദ്ദവയില് ബഷീര്‍ വഹിച്ചുകൊണ്ടിരുന്ന പങ്ക് ചില അധികാര കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരുന്നതായും അവരാണ് കൊലപാതകത്തിന് പുറകിലെന്നും ആരോപണമുണ്ട്. ബഷീര്‍ പഴയ കാലം മുതല്ക്കുള്ള വിശ്വസ്തനാണെന്നും പല അപകടങ്ങളില്‍ തന്റെ ജീവന് രക്ഷിച്ച ആളാണെന്നും സയീദ് പറഞ്ഞു.
ഈ കൊലപാതകത്തെ തുടര്‍ന്ന് ജമാ അത്ത് ഉദ്ദവയുടെ പല മുതിര്‍ന്ന നേതാക്കളുടെയും സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 25 വര്‍ഷം മുമ്പാണ് ബഷീര്‍ ജമാ അത്ത് ഉദ്ദവയില് സാധാരണ പ്രവര്‍ത്തനകനായി ചേര്‍ന്നത്. പിന്നീട് സംഘടനയില്‍ പടിപടിയായി ഉയര്‍ന്ന് സുരക്ഷാ വിഭാഗം തലവനായി. സയീദിന്റെ ഓരോ നീക്കങ്ങളും ഏകോപിപ്പിച്ചിരുന്നത് സംഘടനയിലെ സുരക്ഷാ തലവനെന്ന നിലയില്‍ ബഷീറായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: