കൊച്ചി: കുഞ്ഞുങ്ങളിലെ അതിസാരത്തിന് കാരണമാകുന്ന റോട്ടാ വൈറസിനെ തടയാന്‍ ഇന്ത്യയില്‍ വികസിപ്പിച്ചു നിര്‍മിച്ച പുതിയ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും വിജയകരമായതായി ബയോടെക്്നോളജി വകുപ്പ് അറിയിച്ചു. ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത റോട്ടാവാക് എന്ന വാക്സിന് ലൈസന്‍സ് ലഭ്യമായാല്‍ ഓരോ വര്‍ഷവും രാജ്യത്തെ ദാരിദ്ര്യമേഖലകളില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാനാവുമെന്ന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ.കെ.വിജയരാഘവന് പറഞ്ഞു.
ഒരു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ശൈശവ അതിസാരം ബാധിച്ച് വര്‍ഷംതോറും ഇന്ത്യയില്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഡ്രഗ്ഡ് കണ്ട്രോളര് ജനറല്‍ ഇന്ത്യയുടെ ലൈസന്‍സ് കിട്ടിയാല്‍ നിലവില്‍ വിപണിയിലുള്ള വാക്സിനുകളേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കു റോട്ടോവാക് ലഭ്യമാകും. റോട്ടാവാക് വാക്സിന് ഒരു ഡോസിന് ഒരു ഡോളര്‍ (54രൂപ) മാത്രമേ വിലവരു എന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. കുഞ്ഞ വിലയും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുമുള്ളതിനാല്‍ രാജ്യത്തെ കുഞ്ഞുങ്ങളില്‍ റോട്ടാ വൈറസ് മൂലമുണ്ടാകുന്ന മാരകമായ അതിസാരം ഗണ്യമായ തോതില്‍ കുറയ്ക്കാനാവുമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഉപദേശകനും കേന്ദ്ര ബയോടെക്നോളജി വകുപ്പ് മുന്‍ സെക്രട്ടറിയുമായ ഡോ.എം.കെ.ഭാന്വ്യക്തമാക്കി.
രാജ്യത്ത് 1985-86 കാലത്താണ് ഈ വാക്സിന് വികസിപ്പിക്കാനുള്ള ശ്രമമാരംഭിച്ചത്. അതിനുശേഷം കേന്ദ്ര ബയോടെക്നോളജി വകുപ്പ്, ഭാരത് ബയോടെക്നോളജി, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്), യുഎസ് സെന്റേഴ്സ് ഫോര്‍ സിഡീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി), സ്റ്റിന്ഫോര്ഡ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്, സന്നദ്ധസംഘടനയായ പാത്ത് തുടങ്ങിയവയുടെ സംയുക്തസഹകരണത്തിലൂടെയാണ് വാക്സിന് വികസിപ്പിച്ചതും മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതും. സുതാര്യവും ധാര്‍മികവും അന്താരാഷ്ട്ര നിലവാരവുമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉറപ്പാക്കാന്‍ വിദഗ്ധരുടെ സ്വതന്ത്ര സമിതിയായ ഡാറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് മേല്‍നോട്ടം വഹിച്ചു.
ചോരക്കുഞ്ഞുങ്ങള്‍ക്ക് നാല്, പത്ത്, 14 ആഴ്ചകളില്‍ മൂന്നു ഡോസ് ആയാണ് കഴിക്കാനുള്ള ഈ വാക്സിന് നല്‍കേണ്ടത്. ഈ പ്രായവിഭാഗത്തിനു ശുപാര്‍ശ ചെയ്തിരിക്കുന്ന യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന് പ്രോഗ്രാമില്പ്പെട്ട (യുഐപി) വാക്സിനുകള്‍ക്കൊപ്പം തന്നെ ഇതും നല്‍കാം. ഇന്ത്യപോലെയുള്ള ഒരു വികസ്വര രാജ്യത്തുനിന്നു നവീനമായ ഇത്തരമൊരു വാക്സിന് വിജയകരമായി ഗവേഷണം നടത്തി വിജയിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കൃഷ്ണ എം. ഇള വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: