പെരുമ്പാവൂര്‍: വ്യാപാരസ്ഥാപനങ്ങള്‍ അഗ്നിബാധയില്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന പെരുമ്പാവൂരില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തിനശിച്ചു. എഎം റോഡില്‍ സാന്‍ജോ ആശുപത്രിക്ക് എതിര്‍വശത്തുള്ള മാടപ്പറമ്പില്‍ സ്ക്വയറില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ പെയിന്റ്സ് എന്ന സ്ഥാപനവും ജനറല്‍ ഇലക്ട്രിക്കല്‍സ് എന്ന കടയുമാണ് കത്തിനശിച്ചത്. വെളുപ്പിന് നാലരയോടെയുണ്ടായ സംഭവത്തില്‍ രണ്ട് സ്ഥാപനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെയിന്റ് കടയില്‍ ഒരു കോടിയുടെയും ഇലക്ട്രിക്കല്‍ കടയില്‍ 45 ലക്ഷത്തില്‍പ്പരം രൂപയുടെയും നഷ്ടം സംഭവിച്ചതായി ഉടമസ്ഥര്‍ പറയുന്നു.
മഞ്ഞപ്പെട്ടി അമ്പാടന്‍ സുബൈര്‍, വല്ലം അമ്പാടന്‍ അബ്ദുള്‍ സലാം, കാഞ്ഞിരക്കാട് അമ്പാടന്‍ എ.കെ.ദിലീപ്, പാറപ്പുറം കണയേലില് സിയാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പെരുമ്പാവൂര്‍ പെയിന്റ്സ് എന്ന സ്ഥാപനം. വല്ലം കോട്ടയില്‍ കെ.എ.ഷബീര്‍, അമ്പാടന്‍ മുഹമ്മദ് എന്നിവരാണ് ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ ഉടമകള്‍. ഇരു സ്ഥാപനങ്ങളുടെയും പിന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്. പെരുമ്പാവൂര്‍, കോതമംഗലം, അങ്കമാലി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങൡനിന്നായി ഒമ്പത് വാഹനങ്ങളാണെത്തിയത്. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇവിടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പെയിന്റ് കടയിലുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്സ് പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് ഉടമകള്‍തന്നെ പറയുന്നു. പെരുമ്പാവൂരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വലിയ കച്ചവട സ്ഥാപനങ്ങള്‍ തീപിടിത്തത്തിലൂടെ കത്തിനശിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മാര്‍ച്ച് 11നാണ് എംസി റോഡില്‍ ‘മൂലന്‍സ്’ സൂപ്പര്‍മാര്‍ക്കറ്റ് അഗ്നിക്കിരയായത്. ഒന്നരവര്‍ഷം മുമ്പ് പാലക്കാട്ട് താഴത്തിന് സമീപം കൈതാരന്‍ പ്ലൈവുഡ്സ് എന്ന സ്ഥാപനവും കത്തിനശിച്ചിരുന്നു. തുടര്‍ച്ചയായി ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഇവിടുത്തെ വ്യാപാരിസമൂഹം ആശങ്കയിലാണ്. ഇത്തരം സംഭവങ്ങളില്‍ ആദ്യഘട്ട നടപടികള്‍ സ്വീകരിക്കുന്നതല്ലാതെ തുടരന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരുവാന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: