തൃപ്പൂണിത്തുറ: ആധാര്‍ നമ്പറും ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടും അതാത് ഗ്യാസ് വിതരണ ഏജന്‍സികളില്‍ നല്കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി എല്‍പിജി സബ്സിഡി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സാധാരണക്കാരായ ഉപഭോക്താക്കളുടെ ആശങ്ക അവസാനിപ്പിക്കുന്നില്ല. സഹകരണബാങ്കുകള്‍ വഴി സബ്സിഡി നല്‍കില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും ദേശസാല്‍കൃത ബാങ്ക് ശാഖകളിലെ അക്കൗണ്ട് മാത്രമേ സ്വീകാര്യമാകൂവെന്ന നിര്‍ബന്ധവും എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും.
ദേശസാല്‍കൃത ബാങ്ക് ശാഖകളില്ലാത്ത ഗ്രാമീണ മേഖലകളും ആധാര്‍ കാര്‍ഡ് ഇനിയും ലഭിക്കാത്തവരും ജില്ലയിലുണ്ട്. ദേശസാല്‍കൃതബാങ്ക് ശാഖകള്‍ തീരെ കുറവായ പഞ്ചായത്ത് മേഖലകളില്‍ എല്‍പിജി ഉപഭോക്താക്കള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് ലഭിക്കാന്‍ കാലതാമസമുണ്ട്. ബാങ്കുകളാവട്ടെ അക്കൗണ്ട് നല്കാന് പ്രത്യേക താല്‍പ്പര്യം കാണിക്കുന്നുമില്ല. ഇതര ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ടുകള്‍ സ്വീകാര്യമോ അല്ലയോ എന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. പ്രമുഖ ബാങ്കുകളെ പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അറിയിപ്പൊന്നും ഉണ്ടായതുമില്ല. നാട്ടിലെമ്പാടും വ്യാപിച്ചുകിടക്കുന്ന സഹകരണബാങ്കുകള്‍ ജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നത് എണ്ണക്കമ്പനികള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്ന സൂചന കുടിയാണ് അവരെ ഒഴിവാക്കാന്‍ കാരണം.
സാങ്കേതിക കാരണങ്ങളാലും മറ്റും ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ജില്ലയില്‍ ഒട്ടേറെയുണ്ട്. ഇവര്‍ക്കായി ഒരുമാസം നീട്ടി നല്കിയതുകൊണ്ട് മാത്രം കാര്യമില്ല. ആദ്യഘട്ടം രജിസ്ട്രേഷന് നടത്തിയവര്‍ക്ക് മാത്രമായി ഗ്യാസ് സബ്സിഡി നല്‍കാനുള്ള നീക്കം പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവരെ ഒഴിവാക്കിയതിന് രണ്ട് രൂപ അരിവിതരണ പദ്ധതിയുടെ മാതൃക കേരളത്തിലുണ്ട്. വിപണിവില ഗ്യാസിന് നല്‍കേണ്ടി വരുമ്പോള്‍ രാജ്യത്തെ 14 കോടി ഉപഭോക്താക്കളില്‍നിന്ന് സിലിണ്ടറിന് 1000 രൂപ നിരക്കില്‍ 14000 കോടിയാണ് എണ്ണക്കമ്പനികള്‍ക്ക് ഒരുപ്രാവശ്യം കിട്ടുന്നത്. ഇതില്‍നിന്ന് 7000 കോടി തിരികെ നല്‍കുന്നത് എപ്പോള്‍ എങ്ങനെയെന്ന് എണ്ണക്കമ്പനികള്‍ തീരുമാനിക്കും. സര്‍ക്കാര്‍ കാഴ്ചക്കാരുമാകും.
നിലവില്‍ മറ്റൊരാളുടെ പേരില്‍ നിയമാനുസൃതം എടുത്ത് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗ്യാസ് സിലിണ്ടറിന് സബ്സിഡി കിട്ടാന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് പേര് മാറ്റേണ്ടത് ആവശ്യമാണ്. ഒരു സത്യവാങ്മൂലം നല്‍കുന്നതിലൂടെ മാത്രം നടപ്പാക്കാവുന്ന ഇക്കാര്യം സങ്കീര്‍ണ്ണ നടപടികളിലൂടെയാണ് ഇപ്പോള്‍ ചെയ്യുന്നത്. പേര് മാറ്റുമ്പോള്‍ പുതിയ സിലിണ്ടറിന്റെ വില ഡെപ്പോസിറ്റ് നല്‍കാനും ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: