മുംബൈ: ഐപിഎല്ലിലെ സുപ്രധാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് പടുത്തുയര്‍ത്തി. ശിഖര്‍ ധവാന് (41 പന്തില്‍ 59), കാമറോണ്‍ വൈറ്റ് ( 23 പന്തില്‍ 43 നോട്ടൗട്ട് ) ഹനുമ വിഹാരി (37 പന്തില്‍ 41) എന്നിവര്‍ സണ്‍റൈസേഴ്സിന്റെ പ്രധാന റണ്‍ വേട്ടക്കാര്‍. ശിഖര്‍ ആറു ഫോറുകളും രണ്ട് സിക്സറുകളും കുറിച്ചു; വൈറ്റ് മൂന്നു ബൗണ്ടറികളും മൂന്നു സിക്സറും നേടി.
ടോസ് നേടി ബാറ്റെടുത്ത സണ്‍റൈസേഴ്സിന് പാര്‍ഥിപ് പട്ടേലും ശിഖര്‍ ധവാനും നല്‍കിയത് ഉശിരന്‍ തുടക്കം. ആദ്യ ഓവറില്‍ മിച്ചല്‍ ജോണ്‍സനെ പാര്‍ഥിപ് ഡ്രൈവുകളിലൂടെയും പഞ്ചിലൂടെയും ഫ്ളിക്കിലൂടെയും അഞ്ചുതവണ ബൗണ്ടറിയിലെത്തിച്ചു. പിന്നാലെ ധവാല്‍ കുല്‍ക്കര്‍ണിയെ ധവാന് ഗ്യാലറിയിലെത്തിച്ചു. ആ ഓവറില്‍ പട്ടേലിന്റെ വക ഒരു ഫോര്‍. എന്നാല്‍ ലസിത് മലിംഗ പന്തെടുത്തതോടെ പാര്‍ഥിപ് കൂടാരത്തിലെത്തി.
14 പന്തില്‍ 26 റണ്‍സെടുത്ത പാര്‍ഥിപിനെ മലിംഗ അമ്പാട്ടി റായിഡുവിന്റെ കൈയില്‍ എത്തിച്ചു. ധവാനു മൊത്ത് അതിവേഗം 38 റണ്‍സ് ചേര്‍ത്തുള്ള മടക്കം. ഹര്ഭജന് സിങ്ങും പ്രഗ്യാന്‍ ഓജയും എത്തിയപ്പോള്‍ സണ്‍റൈസേഴ്സിന്റെ സ്കോറിങ് ചെറുതായി ഇഴഞ്ഞു. എങ്കിലും ഇടയ്ക്കു മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത ശിഖര്‍ റണ്‍ നിരക്ക് തീരെ താഴാതെ നോക്കി.
പതിനൊന്നാം ഓവറില്‍ മലിംഗയെ ശിഖര്‍ തുടര്‍ ബൗണ്ടറികള്‍ക്കു ശിക്ഷിച്ചു. ജോണ്‍സനെ വിഹാരിയും ഒരു തവണ അതിര്‍ത്തിയിലെത്തിച്ചു. ജോണ്‍സന്റെ ആ ഓവറില്‍ ശിഖര്‍ മടങ്ങി. കുല്‍ക്കര്‍ണിയെ ഡബിള്‍ ബൗണ്ടറിക്കു പായിച്ച് കാമറോണ്‍ വൈറ്റും കുറിച്ചത് ശുഭാരംഭം. ഓജയെ സിക്സറിനു പൊക്കാനും വൈറ്റിനു കഴിഞ്ഞു. പതിനെട്ടാം ഓവറില്‍ ജോണ്‍സന്റെ ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ മിന്നല്‍പ്പോലെ അതിര്‍ത്തിവര കടന്നു. പിന്നാലെ വൈറ്റ് നല്കിയ ആയാസകരമായ ക്യാച്ച് റായിഡു കൈവിട്ടു.
ജോണ്‍സന്റെ അവസാന പന്ത് ഡീപ് മിഡ്വിക്കറ്റിലൂടെ ഗ്യാലറിയിലെത്തുകയും ചെയ്തു. വൈറ്റിനൊപ്പം 55 റണ്‍സ് സ്വരുക്കൂട്ടിയ വിഹാരി മലിംഗയെ നമിച്ചു. തിസാര പെരേര (2) പുറത്താകാതെ നിന്നു.
സ്കോര്‍ ബോര്‍ഡ്
സണ്‍റൈസേഴ്സ്: പാര്‍ഥിപ് സി റായിഡു ബി മലിംഗ 26. ശിഖര്‍ ധവാന് സി കാര്‍ത്തിക് ബി ജോണ്സന് 59, ഹനുമ വിഹാരി സി ജോണ്സന് ബി മലിംഗ 41, കാമറോണ്‍ വൈറ്റ് നോട്ടൗട്ട് 43, തിസാര പെരേര നോട്ടൗട്ട് 2. എക്സ്ട്രാസ്-7. ആകെ- മൂന്നിന് 178 (20 ഓവര്‍)
വിക്കറ്റ് വീഴ്ച്ച: 1-38, 2-111, 3-166
ബൗളിങ്: ജോണ്സന് 4-0-43-1, കുല്‍ക്കര്‍ണി 4-0-42-0, ഹര്ഭജന് 3-0-19-0, മലിംഗ 4-26-2, ഓജ 4-0-37-0 ,പൊള്ളാര്‍ഡ് 1-0-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: