കൊച്ചി: മണ്ണുമാന്തി കപ്പല്‍ ഇടിച്ച വെണ്ടുരുത്തി പാലത്തില്‍ പിഡബ്ലിയുഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പാലത്തിനു ഏതുതരത്തിലുള്ള കേടുപാടുകളുണ്ടായിട്ടുണ്ടെന്നു കണ്ടെത്തുന്നതിനുവേണ്ടിയായിരുന്നു പരിശോധന. പാലത്തിന്റെ കൈവരികള്‍ പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ടെന്നും സ്ലാബിന്റെ വശങ്ങളിലും പെയില്‍ ഇടങ്ങളിലും കേടുപാടുകളുണ്ടായിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. പാലത്തിനു ഘടനാപരമായി ബലക്ഷയമുണ്ടായിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ഈ മേഖലയിലെ വിദഗ്ധ ഏജന്‍സികളെക്കൊണ്ടു പരിശോധിപ്പിക്കുമെന്ന് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ടി.എ. ഹാസിം പറഞ്ഞു.
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് റിസേര്‍ച്ച് സെന്ററിനെയാണ് ഇതിനായി പരിഗണിക്കുന്നത്. മറ്റു ഏജന്‍സികളെയും പരിഗണിക്കുന്നുണ്ട്. പരിശോധനയ്ക്കു വേണ്ടിവരുന്ന ചെലവും പാലത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവും നാവികസേന വഹിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. സതീശന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. ബെന്നി, നേവല്‍ കമാന്‍ഡര്‍ അജയ്കുമാര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
അതേസമയം കപ്പലിലെ ഉദ്യോഗസ്ഥരെ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചോദ്യം ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തത്. ഇന്നു ഹാര്‍ബര്‍ പോലീസ് ക്യാപ്റ്റനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിച്ചാകും മൊഴിയെടുക്കല്‍. ഇന്നലെ വൈകുന്നേരം സ്റ്റേഷനില്‍ വരണമെന്ന് ക്യാപ്റ്റനെ അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. അതിനാലാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: