മട്ടാഞ്ചേരി: ജനമൈത്രി സംവിധാനത്തിന്റെ പേരില്‍ പോലിസിന്റെ നേതൃത്വത്തില്‍ വ്യാപകപണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. കരിയര്‍ ഗൈഡന്‍സ്, വിവിധചികിത്സാക്വാഡുകള് തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന്റെ പേരിലാണ് വ്യാപാരികളില്‍ നിന്നും റസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നുമൊക്കെ പണപ്പിരിവ് നടത്തുന്നത്. തോപ്പുംപടി പോലീസാണ് ജനമൈത്രി സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിര്‍ബന്ധിതപണപ്പിരിവ് നടത്തുന്നതെന്ന് അക്ഷേപമുയര്ന്നിട്ടുള്ളത്. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ ജനമൈത്രി പദ്ധതി ഇപ്പോള്‍ ചില പോലീസുകാര്‍ക്ക് പണം ശേഖരിക്കാനുള്ള മാര്ഗ്ഗമായിരിക്കുകയാണെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.
ഇന്നലെ തോപ്പുംപടിയില്‍ നടന്ന കരിയര്‍ഗൈഡന്‍സ് ഡേയുടെ പേരില്‍ വന്‍തോതിലാണ് പണപ്പിരിവ് നടന്നതത്രേ. പരിപാടിക്ക് കാര്യമായ ചെലവുകള്‍ പിരിച്ചിരിക്കെ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്ന് ഒരാള്‍ക്ക് 30 രൂപ വിതം രജിസ്ട്രേഷന് ഫീസ് ഈടാക്കി. ഇതിന് പുറമേ റസിഡന്‍സ് അസോസിയേഷനുകളില്‍ നിന്ന് 500 മുതല്‍ 2000 വരെ തുകയും സംഭാവനയായി വാങ്ങിയതായും ആരോപണമുണ്ട്. ഇത് കൂടാതെ സ്വകാര്യ വ്യക്തികളില്‍ നിന്നും വ്യാപാരികളില്‍ നിന്നും വങ്ങിയ പണം വേറെയും. ആയിരത്തോളം പേര് ക്യാമ്പില്‍ പങ്കെടുത്തതായാണ് കണക്ക്. അങ്ങനെയെങ്കില്‍ രജിസ്ട്രേഷന് ഫീസിനത്തില്‍ മാത്രം മുപ്പതിനായിരം രൂപ ലഭിച്ചിട്ടുണ്ട്. നൂറോളം റസിഡന്‍സ് അസോസിയേഷനുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ നിന്ന് പതിനായിരങ്ങള്‍ വേറെയും പിരിച്ചതായാണ് അറിയുന്നത്. വ്യാപാരികളില്‍ നിന്നും സ്വകാര്യവ്യക്തികളില്‍ നിന്നും പിരിച്ചെടുത്ത വന്‍തുക കൂടാതെയാണിത്. ഇത്രയും പണം രാവിലെ മുതല്‍ ഉച്ചക്ക് 1 മണിവരെ മാത്രം നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്യാമ്പിന് അവശ്യമായിവരുമോ എന്നാണ് പൊതുജനം ഉന്നയിക്കുന്ന ചോദ്യം.
ചികിത്സാക്യാമ്പിന്റെ പേരിലും വന്‍തോതില്‍ പണപ്പിരിവ് നടത്തിയതായി പരാതിയുണ്ട്. നല്ലനടപ്പ് പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലും പണപ്പിരിവ് നടന്നു. തോട്ടതിനും പിടിച്ചതിനും വന്‍തോതില്‍ പണപ്പിരിവ് നടത്തുന്ന നടപടിയില്‍ വ്യാപാരികള്‍ക്കും പ്രതിഷേധ മുണ്ടെങ്കിലും ഭയം മൂലം ഇത് പുറത്ത് പറയാന്‍ ഇവര്‍ മടിക്കുകയാണ്. പോലീസിന് പണം നല്‍കാത്തതിന്റെ പേരില്‍ തോപ്പുംപടിയിലെ ചില വ്യാപാര സ്ഥാപനങ്ങള്ക്തെതിരെ പ്രതികാര നടപടി കൈകൊണ്ടസംഭവവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ഒരു പ്രമുഖ ബേക്കറി സ്ഥാപനത്തിന്റെ തോപ്പുംപടിയിലെ ശാഖയില്‍ നിന്ന് പണം ലഭിക്കാത്തതിന് ഇവരുടെ സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പെറ്റികേസ് ചാര്‍ജ്ജ് ചെയ്ത സംഭവവും ഉണ്ടായതായി അറിയുന്നു. ഒടുവില്‍ സ്ഥാപനത്തിന്റെ മേലധികാരികള്‍ ഇടപെട്ട് പണം നല്കിയശേഷമാണത്രേ പ്രശ്നത്തിന് പരിഹാരമായത്. ക്രിമിനല്‍ സ്വഭാവമുള്ളവരുടെ പക്കല്‍നിന്നും ഇത്തരം കാര്യങ്ങള്‍ക്ക് പണം വാങ്ങുന്നതായും പരാതിയുണ്ട്. മണല്കടത്തുകള്, ഭൂമാഫിയകള്‍, വട്ടിപലിശക്കാര്‍ തുടങ്ങി നിയമലംഘനം നടത്തുന്നവരില്‍ നിന്നുള്ള പോലീസിന്റെ പണപ്പിരിവ് വലിയ പ്രത്യാഘാതങ്ങള്ക്കിടയാകുമെന്നാണ് പൊതുരംഗത്തുള്ളവര്‍ പറയുന്നത്. ഇത്തരക്കാരുടെ നിയമലംഘന പ്രവര്‍ത്തികള്‍ക്ക് കൂട്ട്നില്ക്കേണ്ട അവസ്ഥ ഇത് മൂലം പോലീസിനുണ്ടാകും.
പൊതുവേ ജനനന്മലാക്കാക്കി സര്‍ക്കാര്‍ കൊണ്ടുവന്നപദ്ധതി ഇപ്പോള്‍ വ്യാപാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും വലിയബുദ്ധിമുട്ടായിമാറിയതായാണ് പരാതി. പോലീസ് ചെയ്യുന്ന നല്ലകാര്യങ്ങളോട് സഹകരിക്കാന്‍ നാട്ടുകാര്‍ തയ്യാറാണെങ്കിലും പരിപാടിക്ക് ആവശ്യമായതിനേക്കാള്‍ കൂടുതലായി വന്‍തോതിലുള്ള പണപ്പിരിവിലാണ് പ്രതിഷേധം. തൊട്ടപുഴയില് ക്യാമറ സ്ഥാപിക്കുന്ന വ്യാപാരികളില്‍ നിന്നും വന്‍തുക ആവശ്യപ്പെട്ടത് വന്‍വിവാദമായിരുന്നു. സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ ഇനിവിദ്യാര്ത്ഥികള്ക്കുള്ള നോട്ട്ബുക്ക് വിതരണത്തിന്റെ പേരിലും പോലീസ് പണപ്പിരിവിനിറങ്ങുമോ എന്ന ഭീതിയിലാണ് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: