കണ്ണൂര്‍: നാറാത്ത് ആയുധപരിശീലനത്തിനിടെ 21 പോപ്പുലര്‍ ഫ്രണ്ടുകാരെ പിടികൂടിയ കേസില്‍ പ്രതികളുമായി സംഭവത്തിന് തൊട്ടടുത്ത ദിനങ്ങളില്‍ മൊബൈല്‍ ഫോണില്‍ അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടവരില്‍ സംശയത്തിന്റെ നിഴലിലുള്ളവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് ഇന്നലെയും തുടര്‍ന്നു. പിടിയിലായ ചിലരെ ഫോണിലൂടെ ബന്ധപ്പെട്ട കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ അബ്ദുള്‍ ഹാലിമിനെ അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. നാറാത്ത് സംഭവത്തില്‍ അറസ്റ്റിലായ ചിലരുമായി ബന്ധമുണ്ടെന്ന് ഹാലിം സമ്മതിച്ചതായി അറിയുന്നു. ആയുധപരിശീലന കേസില്‍ ഉള്‍പ്പെട്ട മറ്റുചിലരുമായി ഒരു സുഹൃത്ത് മുഖേന ബന്ധപ്പെട്ടതായും ഇവര്‍ കേസിലെ പ്രതികളാണെന്നറിഞ്ഞില്ലെന്നുമാണ് ഹാലിം പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
നാറാത്ത് പിടിയിലായവര്‍ ഹാലിമിനെ ബന്ധപ്പെട്ടതു പോലെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനാനേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഹാലിമിനെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ചതുപോലെ ചില കാര്യങ്ങള്‍ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ട ഇത്തരക്കാരെ വിളിച്ചു ചോദ്യംചെയ്താല്‍ ലഭിക്കുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ ഇത്തരത്തില്‍ വിളിച്ചുവരുത്താന്‍ പറ്റുന്ന ചിലരെക്കൂടി പോലീസ് ചോദ്യംചെയ്യുമെന്നറിയുന്നു. ഹാലിമിനോട് വീണ്ടും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും അറിയുന്നു.
അതേസമയം കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമികഅന്വേഷണം നടത്തുന്നതിനായി രണ്ട് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ ദേശീയ അന്വേഷണ ഏജന്‍സിയുടെ നാല് ഉദ്യോഗസ്ഥര്‍ ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ കണ്ണൂരില്‍ എത്തുമെന്നാണ് പോലീസ് നല്കുന്ന സൂചന. സംഘം കേസുമായി ബന്ധപ്പെട്ട ലോക്കല്‍ പോലീസിന്റെ അന്വേഷണ വിവരങ്ങള്‍, കണ്ണൂരിലെ ഇപ്പോഴത്തെ സ്ഥിതിയും കഴിഞ്ഞകാല തീവ്രവാദക്കേസുകള്‍ സംബന്ധിച്ച വിവരങ്ങളും സംബന്ധിച്ച് പ്രാഥമികപരിശോധന നടത്തും. സംഘം തീവ്രവാദപരിശീലനക്യാമ്പ് നടന്ന നാറാത്തും സന്ദര്‍ശനം നടത്തുമെന്നറിയുന്നു.
കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത രേഖകളും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതില്‍ നിന്ന് ഇവരുടെ അന്യസംസ്ഥാന ബന്ധങ്ങളും വിദേശപണമിടപാടുകളും തെളിഞ്ഞതായി പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം ഇവരുടെ വിദേശസാമ്പത്തിക സ്രോതസ്സ്, മുന്‍ തീവ്രവാദ കേസുകളിലെ പ്രതികളും ഇടനിലക്കാരുമായി പ്രതികള്‍ക്കുള്ള ബന്ധം തുടങ്ങിയവയും അന്വേഷിക്കും.
എന്‍ഐഎ നാറാത്ത് സംഭവവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കാത്തതിനാല്‍ രാജ്യാന്തരബന്ധമുള്ള കേസ് എന്ന നിലയിലാണ് ഒന്നാം ഘട്ടത്തില്‍ ഇത്തരം പ്രാഥമിക അന്വേഷണം മാത്രം നടത്തുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: