ലണ്ടന്‍: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലൂടെ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കിരീട മോഹങ്ങള്‍ കശക്കിയെറിഞ്ഞ വിഗാന് അത്ലറ്റിക് എഫ്എ കാപ്പില്‍ ആദ്യമായി മുത്തമിട്ടു. 91 വര്‍ഷത്തെ പാരമ്പര്യമുള്ള ക്ലബ്ബിന്റ ആദ്യ മേജര്‍ ട്രോഫികൂടിയാണിത്. പകരക്കാരന്റെ റോളിലെത്തിയ ബെന്‍ വാട്സനാണ് ഇഞ്ചുറി ടൈമില്‍ സിറ്റിയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ഗോള്‍ കുറിച്ചത്. ഇതോടെ സുപ്രധാന കിരീടങ്ങളൊന്നുമില്ലാതെ റോബര്‍ട്ടോ മാന്‍സിനിയുടെ കുട്ടികള്‍ സീസണ് അവസാനിപ്പിക്കുമെന്നുറപ്പായി. പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ട സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലും നിറംകെട്ട പ്രകടനത്തിലൂടെ പുറത്തായിരുന്നു. മാന്‍സിനിയുടെ പരിശീലക സ്ഥാനത്തിനും ഈ തോല്‍വികള്‍ ഭീഷണിയായിക്കഴിഞ്ഞു. 1988ല്‍ ലിവര്‍പൂളിനെ വിംബിള്‍ഡണ്‍ കീഴടക്കിയതിനുശേഷം എഫ്എ കപ്പ് കണ്ട ഏറ്റവും വലിയ അട്ടിമറിയായി സിറ്റിയുടെ തോല്‍വി വിലയിരുത്തപ്പെടുന്നു.
കലാശപ്പോരാട്ടത്തിന്റെ വീറും വാശിയുമൊന്നുമില്ലായിരുന്നു മത്സരത്തിന്. തുടക്കത്തില്‍ സിറ്റി നന്നായി കളിച്ചു. കാര്‍ലോസ് ടെവസും സെര്‍ജിയോ അഗ്യൂറൊയും ചേര്‍ന്ന സ്ട്രൈക്കിങ് ജോടി വിഗാന് പ്രതിരോധത്തെ അങ്കലാപ്പിലാക്കി. എന്നാല്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച വിഗാന് പതിയെപ്പതിയെ താളം കണ്ടെത്തി. കല്ലം മക്മനാമന്റെ അതിവേഗ നീക്കങ്ങളും ഷോണ്‍ മളോനിയുടെ പാസിങ് പാടവും സിറ്റിയെ വെള്ളം കുടിപ്പിച്ചു. മറുവശത്ത് തുടര്‍ച്ചയായി ഉന്നംതെറ്റിച്ച ടെവസും അഗ്യൂറോയും സിറ്റിയുടെ ആകുലതകളേറ്റിക്കൊണ്ടിരുന്നു. മിഡ്ഫീല്‍ഡില്‍ ഡേവിഡ് സില്‍വയും സമീര്‍ നസ്റിയും നിഴലാട്ടങ്ങളായപ്പോള് മാഞ്ചെസ്റ്റര്‍ ടീം വഴിതെറ്റിയ കുട്ടിയുടെ വേഷമണിഞ്ഞു.
രണ്ടാംപകുതിയിലുംകളിയുടെ ഒഴുക്കില്‍ കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍ 84-ാം മിനിറ്റില്‍ മക്മനാമനെ ഫൗള്‍ ചെയ്ത് രണ്ടാം മഞ്ഞക്കാര്ഡ്കണ്ട സിറ്റി പ്രതിരോധ ഭടന് പാവ്ലോ സബലേറ്റ മാര്‍ച്ചിങ് ഓര്‍ഡര്‍ വാങ്ങിയപ്പോള്‍ മത്സരം വഴിതിരിഞ്ഞു. പിന്നെ തുടരെത്തുടരെ ആക്രമിച്ച വിഗാന് സെറ്റ്പീസുകളുടെ നീണ്ടനിര സ്വന്തമാക്കി. എന്നാല്‍ ഗോള്വന്നില്ല.
പക്ഷെ, 91-ാം മിനിറ്റില്‍ മളോനിയുടെ കോര്‍ണര്‍ വാട്സന് സിറ്റിയുടെ വലയിലേക്ക് ചെത്തിയിടുമ്പോള്‍ വെംബ്ലിയിലെഗ്യാലറി അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: