ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സാമൂഹ്യ, സാമ്പത്തിക അസന്തുലിതാവസ്ഥക്കിടയില് മൂന്നാം തവണയും നവാസ് ഷെരീഫിന് അവസരം നല്‍കുകയായിരുന്നു പാക് ജനത. ഇന്ത്യയുമായി സമാധാനത്തിനുള്ള നടപടികള്‍ പുനരാരംഭിക്കുമെന്ന് പറയുന്ന നവാസ് പക്ഷെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ല.
പാക്കിസ്ഥാന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്. രക്തം വാര്‍ന്നുനില്‍ക്കുന്ന സമ്പദ്വ്യവസ്ഥക്ക് ഇത് അത്യാവശ്യമാണ്.
1999 ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട നവാസ് ഷെരീഫിനെ പാര്‍വേസ് മുഷറഫ് ജയിലിലടച്ചിരുന്നു. തുടര്‍ന്ന് നാടു കടത്തപ്പെട്ട ഷെരീഫ് ഏഴുവര്‍ഷം വിദേശത്ത് കഴിച്ചുകൂട്ടി. അതിനുശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ നവാസിന് ജനങ്ങള്‍ അധികാരം വച്ചുനീട്ടിയത് തികച്ചും ഉചിതമാവുകയായിരുന്നു. അധികാരത്തിനായി നാട്ടില്‍ മടങ്ങിയെത്തിയ മുഷറഫിനെ നേരത്തെ കോടതി തടങ്കലിലാക്കിയിരുന്നു എന്നത് വിധിയുടെ മറുവശം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഷെരീഫ് സംസാരിച്ചിരുന്നു. 1998 ല്‍ ആണവ സ്ഫോടനങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇത് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ നവാസ് ഷെരീഫിന് തന്റെ ദൗത്യം പൂര്‍ത്തിയാക്കാനായില്ല. 1999 ല്‍ മുഷറഫ് ഷെയറെഫിനെ പുറത്താക്കുകയായിരുന്നു. 1999 ല്‍ തകര്‍ന്ന സമാധാന ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കണം. എല്ലാ പ്രശ്നങ്ങള്‍ക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണം. അതിനായി ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും നവാസ് ഷെരീഫ് പറഞ്ഞു. നിന്നുപോയ സ്ഥലത്തുനിന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദ്ദേശമാണ് ഷെരീഫ് ഇതിലൂടെ മുന്നോട്ടുവെച്ചത്.
സാമ്പത്തികസ്ഥിതി വിലയിരുത്തുമ്പോള്‍ പാക്കിസ്ഥാന് 146-ാം സ്ഥാനത്താണ്. ഇതും നവാസ് ഷെരീഫ് വിഷയമാക്കി മാറ്റിയിരുന്നു. ശക്തമായ സമ്പദ്വ്യവസ്ഥ- ശക്തമായ പാക്കിസ്ഥാന് എന്നൊരു മുദ്രാവാക്യവും അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനില്‍ സമ്പദ്വ്യവസ്ഥയില് കൂടുതല്‍ ഉദാരവല്‍ക്കരണം കൊണ്ടുവന്നത് നവാസ് ഷെരീഫാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: