ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ പ്രമുഖ വാണിജ്യ കെട്ടിട സമുച്ചയമായ റാണാ പ്ലാസ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 1034 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലാണ് ഇത്രയും പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലാണ്.
അതിനിടെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ കെട്ടിട തകര്‍ച്ചയില്‍ നിന്ന് 17 ദിവസങ്ങള്‍ക്ക് ശേഷം രേഷ്മ എന്ന സ്ത്രീയെ ജീവനോടെ കണ്ടെത്തി. ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയില്‍ ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ധാക്ക അപകടത്തില്‍ 1000ത്തിലധികം അധികം ആളുകള്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെയാണ് നാടകീയമായ ഈ സംഭവം.
നൂറുകണക്കിന് മൃതദേഹങ്ങള്‍ കെട്ടിടത്തിനടിയില്‍ നിന്നും ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷപ്പെട്ടവരില്‍ 2,443 പേരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 24നാണ് ധാക്കയിലെ തുണി മില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണത്. അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ എത്ര പേര് ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
എട്ട് നില കെട്ടിടമായ റാണ പ്ലാസയുടെ ഒന്പാതാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആ സമയത്ത് മൂവായിരത്തിലധികം ജീവനക്കാരുള്‍പ്പെടെ നിരവധി പേര് കെട്ടിടത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാണാതായവരുടെ ബന്ധുക്കള്‍ ഇപ്പോഴും കെട്ടിടത്തിന് സമീപത്തുണ്ട്.
കെട്ടിട നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാണ് അപകട കാരണമായി കാണുന്നത്. സംഭവത്തെ തുടര്‍ന്ന് കെട്ടിട ഉടമയേയും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് തൊഴില്‍ശാലകളുടെ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിടത്തിലെ മുകളിലെ മൂന്ന് നിലകള്‍ നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണെന്ന് പോലീസ് പറയുന്നു. കെട്ടിടത്തില്‍ വിള്ളല്‍ നേരത്തെ തന്നെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജോലിക്കാരെ കെട്ടിടത്തിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പ് ഫാക്ടറി ഉടമകള്‍ അവഗണിച്ചതായും പോലീസ് പറയുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാത്ത ബംഗ്ലാദേശിലെ 18 ഓളം തുണിമില്ലുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: