കൊച്ചി: സിബിഎസ്ഇ സ്കൂളുകള്‍ നടത്തുന്ന പരീക്ഷ പാസായവര്‍ക്കും സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ ബോര്‍ഡ് തല പരീക്ഷ എഴുതിയവര്‍ക്കു മാത്രമേ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുള്ളു എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഇതോടെ റദ്ദായി.
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസ്ഥയെ ചോദ്യം ചെയ്ത് മാനേജ്മെന്റുകളും വിദ്യാര്‍ത്ഥികളും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. സ്കൂള്‍ തലത്തിലും ബോര്‍ഡ് തലത്തിലുമായി രണ്ട് പരീക്ഷകളാണ് സിബിഎസ്ഇ നടത്തുന്നത്. ഇതില്‍ സ്കൂള്‍ തലത്തിലുള്ള പരീക്ഷ നടക്കുന്നതും പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതും അതത് സ്കൂളുകളില്‍ തന്നെയാണ്. ഇത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
പ്ലസ് വണ്‍ പ്രവേശനസമയത്ത് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പിന്തള്ളി സിബിഎസ്ഇ സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ പ്രവേശനം നേടിയിരുന്നു. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കൊണ്ടുവന്നിരുന്നത്.
ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും സിബിഎസ്ഇ ബോര്‍ഡ് തല പരീക്ഷ എഴുതിയവര്‍ക്കും പ്രവേശനം നല്കിയ ശേഷം മാത്രമേ സിബിഎസ്ഇ സ്കൂള്‍തല പരീക്ഷ എഴുതിയവരെ പ്രവേശനത്തിന് പരിഗണിക്കുകയുള്ളു. ഇതിനെതിരെയാണ് മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: