കൊല്ലം: ജില്ലയിലെ ആരോഗ്യമേഖലയെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ വകുപ്പ്മന്ത്രി നേരിട്ടെത്തുന്നു. നാളെ രാവിലെ ഒമ്പതു മുതല്‍ ജില്ലാ ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ആരോഗ്യ അദാലത്തിലാണ് മന്ത്രി വി.എസ്. ശിവകുമാര്‍ പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹരിക്കുന്നത്.
ഗുണമേന്മയുള്ള സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉള്ള പരാതികള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് അദാലത്തെന്ന് ജില്ലാ കളക്ടര്‍ പി.ജി. തോമസും ആരോഗ്യവിഭാഗം അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രത്യേകം സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ലഭ്യമായ പരാതികള്‍ സ്ഥാപന മേധാവികള്‍ക്ക് പരിഹരിക്കാവുന്നവ അവിടെ പരിഹരിക്കുകയും അല്ലാത്തവ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ സ്വീകരിച്ച് പരിഹരിക്കാവുന്നവ അവിടെ പരിഹരിക്കുകയും ജില്ലയില്‍ പരിഹരിക്കാന്‍ കഴിയാത്തവ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ അയയ്ക്കുന്നതുമാണ്. അദാലത്ത് ദിനത്തിലും പരാതികള്‍ നേരിട്ട് നല്‍കാം. ഇതുവരെ 61 പരാതികള്‍ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്റെ അധ്യക്ഷതയില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പീതാംബരകുറുപ്പ് എംപി, പി.കെ. ഗുരുദാസന് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്, ഡോ.എം. ബീന, ഡോ.പി.കെ. ജമീല, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആയുര്‍വേദ, ഹോമിയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയിലെ താലൂക്കാശുപത്രി സൂപ്രണ്ടുമാര്‍, സാമൂഹ്യാരോഗ്യകേന്ദ്രം, പ്രാഥമാകിരോഗ്യകേന്ദ്രം ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 വരെയാണ് അദാലത്ത്. തുടര്‍ന്ന് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം. ഉച്ചയ്ക്ക് ശേഷം ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും മന്ത്രി സന്ദര്‍ശിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡിഎംഒമാരായ കെ. സലില, കെ. സുരേഷ് (ഹോമിയോ), ശശികുമാര്‍ (ആയുര്‍വേദം) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: