ഇസ്ലാമാബാദ്: നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന് മുസ്ലീംലീഗ് (എന്‍)) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് വന്നിരുന്ന വെള്ളക്കടുവ ചത്തു. ദീര്‍ഘസമയം കഠിനവെയിലത്ത് പ്രദര്‍ശിപ്പിച്ചതാണ് മരണത്തനിടയാക്കിയതെന്ന് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം അബോധാവസ്ഥയിലാണ് കടുവയെ ലാഹോറിലെ വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. ജീവന് രക്ഷിക്കാന്‍ മൃഗരോഗ വിദഗ്ധര്‍ പരിശ്രമിച്ചെങ്കിലും ബുധനാഴ്ച കടുവ മരണമടയുകയായിരുന്നു.
കൂട്ടിലടച്ച കടുവകളെയും സിംഹങ്ങളെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പിഎംഎല്‍(എന്‍) ഉപയോഗിക്കാറുണ്ട്. പിഎംഎല്‍(എന്‍) നേതാവ് നവാസ് ഷെരീഫിന്റെ മകള്‍ മരിയം നവാസ് നടത്തിയ തെരഞ്ഞടുപ്പ് പ്രചാരണവേളയില്‍ ഒരു വെള്ളക്കടുവ ശ്രദ്ധയില്‍ പെട്ടിരുന്നു.
സ്വയം ഷേര്‍(കടുവ ആയി വിലയിരുത്തുന്ന നവാസ് ഷെരീഫിന്റെ പാര്‍ട്ടി തെരഞ്ഞടുപ്പ് ചിഹ്നവും കടുവയാണ്. വംശനാശ ഭീഷണി നേരിടുന്ന വെള്ളക്കടുവകള്‍ക്ക് ശബ്ദത്തെയും ചൂടിനെയും പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസിലും അധികമാണ്. തെരഞ്ഞെടുപ്പില്‍ വെള്ളക്കടുവയെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ആഗോള നിയമങ്ങള്‍ക്ക് എതിരാണെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ വിശദീകരിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: