വാഷിംഗ്ടണ്‍: അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കുമെതിരേ യുദ്ധഭീഷണി മുഴക്കിയ ഉത്തരകൊറിയയുടെ നിലപാടില്‍ അയവ്. കിഴക്കന്‍ തീരത്ത് വിക്ഷേപണത്തിനു തയാറാക്കിനിര്ത്തിയിരുന്ന രണ്ടു മുസുദാന്‍ മിസൈലുകള്‍ അവിടെനിന്ന് ഉത്തരകൊറിയ മാറ്റി.
എന്നാല്‍ വാഹനത്തില്‍ ഘടിപ്പിക്കാവുന്ന ഈ മിസൈല്‍ വിക്ഷേപണത്തറയില്‍നിന്നു നീക്കം ചെയ്തതില്‍ ആഹ്ളാദിക്കാന്‍ മാത്രമൊന്നുമില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു. മറ്റെവിടെയെങ്കിലും കൊണ്ടുപോയി മിസൈല്‍ വിക്ഷേപിക്കാവുന്നതേയുള്ളു.
മുസുദാന്‍ മിസൈലുകളുടെ ദൂരപരിധി മൂവായിരം മുതല്‍ മൂവായിരത്തി അഞ്ഞൂറു കിലോമീറ്റര്‍ വരെയാണ്. ഇതുവരെ ഇവ പരീക്ഷിച്ചിട്ടില്ല. പസഫിക്കിലെ യുഎസ് താവളം, ജപ്പാന്, ദക്ഷിണകൊറിയ എന്നിവ ഈ മിസൈലുകളുടെ പരിധിയിലാണ്.
ഉത്തരകൊറിയന്‍ നടപടിയെക്കുറിച്ചു പ്രതികരിക്കാറായിട്ടില്ലെന്നു ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. മിസൈലുകള്‍ എങ്ങോട്ടാണു നീക്കിയതെന്നതിനെക്കുറിച്ചു വിവരം ശേഖരിച്ചുവരികയാണ്.
ഉത്തരകൊറിയന്‍ മിസൈലിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു തത്കാലം പ്രതികരിക്കില്ലെന്ന് പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റിലും പറഞ്ഞു. ഇതോടെ സംഘര്‍ഷത്തില്‍ തെല്ലയവുണ്ടായിട്ടുണ്ട്്. കൊറിയന്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഈ നടപടി സഹായകമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: