കോഴിക്കോട്: ഒമ്പതു വയസ്സുകാരിയെ ഡോക്ടര്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. ചാലപ്പുറത്ത് ക്ലിനിക് നടത്തുന്ന ഡോ സി പി അബൂബക്കര്‍ എന്ന പീഡിയാട്രീഷ്യനെതിരെയാണ് ചികിത്സ തേടിയെത്തിയ കുട്ടിയുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചത്.
സംഭവം വിവാദമായതോടെ ബന്ധുക്കളെക്കൊണ്ട് പരാതി പിന്‍വലിപ്പിച്ച് കേസ് തേച്ചുമാച്ചു കളയാനും ഉന്നതതലത്തില്‍ നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് സംഭവങ്ങള്‍ നടക്കുന്നത് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെയും കൂട്ടി അമ്മയും ബന്ധുക്കളും കോഴിക്കോട് ചാലപ്പുറത്തെ ഡോ സി പി അബൂബക്കറിന്റെ വസതിയിലെത്തുന്നത്.
അപസ്മാരരോഗമുളള കുട്ടിക്ക് ചികിത്സ തേടിയാണ് ഇവര്‍ ഡോക്ടറെ കാണാനെത്തിയത്. മുന്‍പ് രണ്ട് തവണ ഇവര്‍ ഇതേ ഡോക്ടറെ കാണാനെത്തിയിരുന്നു. കൂടെ വന്ന രക്ഷിതാക്കളെ പുറത്തിരുത്തി ഇയാള്‍ കുട്ടിയെ അരമണിക്കൂറോളം പരിശോധിച്ചു. ഇതിനു ശേഷം പുറത്തുവന്ന കുട്ടി അസ്വസ്ഥയായി ദേഹം വേദനിക്കുന്നുവെന്ന് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടെന്നും ലൈംഗികപീഡനം നടന്നതായും വ്യക്തമായി. തുടര്‍ന്ന് വീട്ടുകാര്‍ മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. കൗണ്‍സിലിംഗ് നടത്തിയപ്പോള്‍, ഡോക്ടര്‍ തന്നെ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വീട്ടുകാര്‍ പരാതി നല്കി.
പക്ഷേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു. കുട്ടിയുടെ വീട്ടുകാര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞ് കത്ത് നല്കി. വലിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കുട്ടിയുടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചതെന്നാണ് സൂചന. കോഴിക്കോട്ട് അന്വേഷി ഓഫീസിലെത്തിയും കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
സംഭവം തേച്ചുമാച്ചുകളയാന്‍ ശ്രമം നടക്കുന്നുവെന്ന് അന്വേഷിച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസ് നടപടിയെടുക്കുന്നില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് അന്വേഷിയുടെ തീരുമാനം. കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെങ്കില്‍ ശക്തമായി നടപടിയെടുക്കുമെന്ന് കേസന്വേഷിക്കുന്ന കസബ പൊലീസ് എസ്ഐ യും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: