പത്തനാപുരം: പാര്‍ട്ടിക്കു വേണ്ടി നാലുപതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച നേതാവിന്റെ കുടുംബത്തിന് മരണശേഷം നല്‍കിയത് ഇരുപതിനായിരം രൂപ. കുടുംബസഹായനിധിയായി പാര്ട്ടിക്കാര് പിരിച്ചെടുത്തത് രണ്ടുലക്ഷം രൂപ. മരണമുണ്ടാക്കിയ വേദനയേക്കാള്‍ പാര്‍ട്ടിക്കാരുടെ ഈ പ്രവൃത്തിയാണ് തന്നെ വേദനിപ്പിച്ചതെന്ന് മരിച്ച നേതാവിന്റെ ഭാര്യ.
പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് കേരളകോണ്‍ഗ്രസ്(എം) നേതാവ് കെ. രാജന്‍പിള്ളയുടെ കുടുംബമാണ് ‘പാര്ട്ടിച്ചതിയുടെ’ ഇരകളായത്. രാജന്‍പിള്ളയുടെ വിധവ പ്രസന്നകുമാരി പാര്ട്ടിക്കാര് പിരിച്ചു നല്കിയ ഇരുപതിനായിരം രൂപ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി പത്തനാപുരം ഗാന്ധിഭവന് സംഭാവന ചെയ്തു.
കേരളാ കോണ്‍ഗ്രസ്(എം)ന്റെ പത്തനാപുരം നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ വച്ചാണ് കെ. രാജന്‍പിള്ളയുടെ കുടുംബത്തിന് ധനകാര്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ കെ.എം. മാണി, രാജന്‍പിള്ള കുടുംബ സഹായനിധിയായി 20000 രൂപ കൈമാറിയത്. എന്നാല്‍ പാര്‍ട്ടിക്കുവേണ്ടി നാലുദശാബ്ദം വിയര്‍പ്പൊഴുക്കിയ തന്റെ ഭര്‍ത്താവിന് കേരള കോണ്‍ഗ്രസ്(എം) തന്ന വില വേദനിപ്പിക്കുന്നതാണെന്ന് ഭാര്യ പ്രസന്നകുമാരി പിന്നീട് പ്രതികരിച്ചു. തന്റെ ഭര്‍ത്താവിന്റെ പേരില്‍ രണ്ടരലക്ഷത്തോളം രൂപ കുടുംബ സഹായത്തിന്റെ പേരില്‍ പിരിച്ചിട്ട് തങ്ങളെ കബളിപ്പിക്കുകയും അപമാനിക്കുകയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാട്ടില്‍ രണ്ടുലക്ഷം രൂപ രാജന്‍പിള്ളയുടെ കുടുംബത്തിനു നല്‍കിയെന്ന നുണപ്രചരണമാണ് ജില്ലാ പ്രസിഡന്റ് അടക്കമുള്ള പ്രാദേശിക നേതാക്കള്‍ നടത്തുന്നത്. അതിനാല്‍ തങ്ങള്‍ക്ക് കിട്ടിയ തുക പത്തനാപുരം പ്രസ്ക്ലബ്ബില്‍ വച്ച് ഗാന്ധിഭവന് കൈമാറിയെന്ന് പ്രസന്നകുമാരി അറിയിച്ചു. രാജന്പിള്ളയിലൂടെ ആയിരുന്നു ഇപ്പോഴത്തെ നേതാക്കന്മാരെല്ലാം വലിയ നേതാക്കന്മാരായതെന്നും ധനസഹായകാര്യം പാര്‍ട്ടിപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ സംഭവിച്ചത് പുറത്ത് പറയരുതെന്നും എല്ലാം ശരിയാക്കാമെന്നുമായിരുന്നു പ്രതികരണമെന്നും പ്രസന്നകുമാരിയും മകള്‍ രാജിയും പറഞ്ഞു.
അനന്തു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: