പള്ളുരുത്തി: കൊച്ചിന് തുറമുഖ ട്രസ്റ്റിന്റെ വില്ലിംഗ്ടണ്‍ ഐലന്റ് ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി വളപ്പിനു സമീപം കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയ നിലയില്‍ കണ്ടെത്തി. മൂന്നു വര്‍ഷം പഴക്കമുള്ള ചെടികളാണ് കൂട്ടത്തോടെ കണ്ടത്. സിഐഎസ്എഫിന്റെ നിയന്ത്രണത്തിലുള്ള അതീവ സുരക്ഷാ മേഖലയില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഏക്കറുകണക്കിനു വരുന്ന കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് കഞ്ചാവു നട്ടുവളര്‍ത്തുന്നതു സംബന്ധിച്ച് നാട്ടുകാര്‍ ഐലന്റ് പോലീസില്‍ മാസങ്ങള്‍ക്കു മുന്‍പ് അറിവ് നല്‍കിയെങ്കിലും പോലീസ് സംഭവം ഗൗരവമായെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ എക്സൈസിന് പരാതി നല്‍കുകയായിരുന്നു. എക്സൈസ് സംഘം നടത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ചെടികള്‍ നട്ടുവളര്‍ത്തിയത് ശ്രദ്ധയില്‍പെട്ടു. സംഭവം സംബന്ധിച്ച് കേസ്സെടുത്തതായി കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്.ശശികുമാര്‍ പറഞ്ഞു. സംഭവം വിശദമായ പരിശോധനയ്ക്കു വേണ്ടി അടുത്ത ദിവസങ്ങളില്‍ എക്സൈസ് സംഘം പരിശോധന നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു. ഉന്നതരുടെ സഹായത്തോടെ വന്‍ മാഫിയ സംഘം സംഭവത്തിനു പിന്നിലുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: