മട്ടാഞ്ചേരി: ലോക തൊഴിലാളി ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍വിരുദ്ധ സമീപനം പോസ്റ്റ്ഓഫീസ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ പോസ്റ്റ്ഓഫീസുകളിലെ പോസ്റ്റ്മാന്, സോര്‍ട്ടിങ്ങ് പോസ്റ്റ്മാന്, താല്‍ക്കാലിക ജീവനക്കാര്‍, അസിസ്റ്റന്റുമാര്‍ തുടങ്ങി വിവിധ തസ്തികകളിലുള്ള തൊഴിലാളി വിഭാഗങ്ങളിലാണ് ഇന്ത്യന്‍ പോസ്റ്റല്‍ വിഭാഗം തൊഴില്‍വിരുദ്ധ സമീപനം കൈക്കൊണ്ടത്. പോസ്റ്റുമാന്മാരെ സ്ഥലം മാറ്റുക, വിരമിച്ച തസ്തികകള്‍ വെട്ടിക്കുറയ്ക്കുക, സോര്‍ട്ടിങ്ങ് വിഭാഗത്തില്‍ ആളെ കുറയ്ക്കുക തുടങ്ങിയവയാണ് ആദ്യഘട്ട നടപടികള്‍. വകുപ്പ് നടപടിയെത്തുടര്‍ന്ന് പല പോസ്റ്റ്ഓഫീസുകളിലും നിലവിലുള്ള തൊഴിലാളികള്‍ക്ക് അമിത ജോലിഭാരമാണ് ഉണ്ടാകുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏപ്രില്‍ 29ന് നടപ്പിലാക്കിയ പുതിയ തൊഴില്‍വിരുദ്ധ സമീപനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. വിരമിച്ച പോസ്റ്റ്മാന്മാരുടെ ഒഴിവുകള്‍ നികത്താത്തതിലൂടെ വകുപ്പിന് ഒരാളില്‍നിന്ന് ഒന്നരലക്ഷം രൂപയാണ് ലാഭിക്കുക. പോസ്റ്റ്മാന്മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതും നിലവിലുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തത് കത്തുകളുടെ വിതരണം അടക്കമുള്ളവരെയും സ്പീഡ്പോസ്റ്റ് സംവിധാനത്തെയും പ്രതിസന്ധിയിലാക്കുമെന്ന് പോസ്റ്റ്ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
ടൂറിസ്റ്റ് കേന്ദ്രമായ മട്ടാഞ്ചേരി പോസ്റ്റ്ഓഫീസില്‍നിന്ന് നാല് പോസ്റ്റ്മാന്മാരെയും ഒരു സോര്‍ട്ടിങ്ങ് ജീവനക്കാരനെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നാല് ഒഴിവുകള്‍ നിലനില്‍ക്കെയാണ് വകുപ്പ് നടപടി. നിലവില്‍ ഒമ്പത് പോസ്റ്റ്മാന്മാരാണ് ഇവിടെയുള്ളത്. സ്പീഡ്പോസ്റ്റ് സംവിധാനമടക്കമുള്ള വാണിജ്യ കേന്ദ്രത്തിലെ പോസ്റ്റ്ഓഫീസില്‍ 10,000ത്തോളം കത്തുകളും മറ്റ് ഉരുപ്പടികളുമാണ് കെട്ടിക്കിടക്കുന്നത്. ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പോസ്റ്റ്ഓഫീസുകളിലും പ്രവര്‍ത്തനം താളം തെറ്റിയിരിക്കയാണ്. ലോക തൊഴിലാളിദിനത്തില്‍ സൂചനാ സമരം നടത്തുവാനാണ് പോസ്റ്റ് ഓഫീസ് തൊഴിലാളികളുടെ തീരുമാനം. പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: