കാസര്‍കോട്: കണ്ണൂരില്‍ മത തീവ്രവാദ കേന്ദ്രങ്ങളില്‍ റെയ്ഡ് ശക്തമായതോടെ പോപ്പുലര്‍ ഫ്രണ്ട് കണ്ണൂരിലെ ആയുധ ശേഖരം കാസര്‍കോട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി അറിയുന്നു. മുസ്ലീം സംഘടനകള്‍ക്കു കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ ആംബുലന്‍സുകള്‍ ഉപയോഗിച്ചാണ് ആയുധങ്ങളും രാജ്യദ്രോഹ സീഡികളും ലഘുലേഖകളും കടത്തുന്നത്. പോലീസിന്റെ നീക്കങ്ങള്‍ ചോര്‍ന്നു കിട്ടുന്നതും ഇതിന് സഹായകമാകുന്നു. സംസ്ഥാനത്ത് മത തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായ കാസര്‍കോട് നിരവധി പ്രദേശങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആധിപത്യത്തിലുണ്ട്. തളങ്കര, ഉപ്പള, മഞ്ചേശ്വരം, ചെര്‍ക്കള, കുമ്പള തുടങ്ങിയ സ്ഥലങ്ങളില്‍ രഹസ്യ പരിശീലനങ്ങള്‍ നേരത്തെ അരങ്ങേറിയിട്ടുണ്ട്. ഭരണ കക്ഷിയായ മുസ്ലീംലീഗ് പ്രത്യക്ഷത്തില്‍തന്നെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാണ് കാസര്‍കോട്ടെ സാഹചര്യത്തെ വ്യത്യസ്തമാക്കുന്നത്. കണ്ണൂരിലെ തിരിച്ചടി താല്‍ക്കാലികമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിഷയം കെട്ടടങ്ങുമെന്നും സംഘടന കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ തൊട്ടടുത്ത ജില്ലയായ കാസര്‍കോട്ടേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് നീക്കം. നാറാത്തെ ഭീകരപരിശീലനകേന്ദ്രം റെയ്ഡ് ചെയ്തതിന് രണ്ട് ദിവസത്തിനകം ശേഷം കാസര്‍കോട്ടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ലൗജിഹാദ് സംബന്ധിച്ചുള്ള സിഡികളും ലഘുലേഖകളും പിടിച്ചെടുക്കുകയുണ്ടായി. റെയ്ഡിനുശേഷം ജില്ലയില്‍ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് കാഞ്ഞങ്ങാട് മാറാട് പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രതിഷേധ മാര്‍ച്ച് നടത്താനിരിക്കെ തീവ്രവാദികളുടെ നീക്കം ആശങ്കയുണര്‍ത്തുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നായന്മാര്മൂലയിലെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നെങ്കിലും ശക്തമായ നടപടികള്‍ പിന്നീടുണ്ടായില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ബോവിക്കാനത്തെ അബ്ദുള്‍ഖാദറിന്റെ വീട്ടില്‍നിന്ന് അഞ്ച് മാസം മുമ്പ് പോലീസ് നാടന്‍ തോക്ക് കണ്ടെടുത്തിരുന്നു. ഇയാളുടെ ബന്ധുക്കളുടെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയിരുന്നു. പുതിയ സാഹചര്യത്തില്‍ ജില്ലയിലും പോലീസ് റെയ്ഡ് കര്‍ശനമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: