ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന് മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കിനെയും അന്വേഷണ സംഘം ചോദ്യംചെയ്യുന്നു.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ഭൂട്ടോ രാജ്യത്തുതിരിച്ചെത്തിയശേഷം അവരുടെ സുരക്ഷാ ചുമതല വഹിച്ചിരുന്നത് മാലിക്കായിരുന്നു. ഭൂട്ടോ വധിക്കപ്പെട്ട ദിവസത്തെ സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ മാലിക്കിനുമാത്രമെ അറിയുള്ളുവെന്ന് കേസില്‍ അറസ്റ്റിലായ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫ് എഫ്ഐഎയോട് (ഫെഡറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കാലത്ത് എഫ്ഐഎ ഉദ്യോഗസ്ഥന് കൂടിയായിരുന്നു മാലിക്കിലേക്ക് അന്വേഷണം നീളുന്നത്.
ഭൂട്ടോ കൊല്ലപ്പെട്ട ദിവസത്തെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ മുഷറഫിനോട് ചോദിച്ചത്. ഭൂട്ടോയുടെ കൊലപാതകവുമായി തനിക്കൊരു ബന്ധവുമില്ലെന്നും സുരക്ഷാ വിഴ്ച്ചവരുത്തിയ മാലിക്കാണ് അതിനുത്തരവാദിയെന്നും മുഷറഫ് മറുപടി പറഞ്ഞെന്നറിയുന്നു. ബുള്ളറ്റ് പ്രൂഫ് കാറില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ബേനസീറിനെ നിര്‍ബന്ധിക്കേണ്ട മാലിക്ക് അതു ചെയ്തില്ലെന്നും മുഷറഫ് ചൂണ്ടിക്കാട്ടിയത്രെ.
2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് ഭൂട്ടോ കൊല്ലപ്പെട്ടത്.
തുടര്‍ന്ന് 2008ല്‍ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിലെ പിപിപി (പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി) സര്‍ക്കാരില്‍ മാലിക്ക് ആഭ്യന്തരമന്ത്രിയായി. മാലിക്കാണ് ഭൂട്ടോ വധക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നത് മറ്റൊരു ശ്രദ്ധേയകാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: