കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താന്‍ ഇന്നലെ ചേര്‍ന്ന ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. ആലുവ കൃഷിഫാമില്‍ വളര്‍ത്തിയിരുന്ന കാസര്‍കോടന്‍ കുള്ളന്‍ ഇനത്തിലെ പശു അതേ ഫാമിലെ വെച്ചൂര്‍ കാളയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ഫാമിലെ താല്‍ക്കാലിക തൊഴുത്തില്‍ ഏപ്രില്‍ പത്തിനാണ് കുള്ളന്‍ പശു ചത്തു കിടന്നിരുന്നത്.തൊഴുത്തിന് സമീപത്തായി മരത്തില്‍ കെട്ടിയിരുന്ന കാളയുടെ കുത്തേറ്റതാണ് മരണകാരണമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തായ്ക്കോണ്ടാ ക്ലാസുകളില്‍ പരിശീലനം നേടിയവര്‍ക്ക് മെയ് 21ന് രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വികലാംഗര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍ മെയ് 16ന് വിതരണം ചെയ്യും. മെയ് എട്ടിന് കാര്‍ഷികയന്ത്രങ്ങളുടെ വിതരണം കൃഷിമന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. മെയ് 25,26,27 തീയതികളില്‍ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ സെമിനാര്‍ ജില്ലാ പഞ്ചായത്തില്‍ നടക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സ്കൂളുകള്‍ക്ക് ടാലന്റ് ഫെസ്റ്റില്‍ പുരസ്കാരങ്ങള്‍ നല്‍കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, വികസന കാര്യ ചെയര്മാന് ബാബു ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. അബ്ദുള്‍ മുത്തലീഖ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സാജിത സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് നെടുമ്പാശ്ശേരി ഡിവിഷണല്‍ മെമ്പര്‍ എം.ജെ.ജോമി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: