കോഴിക്കോട്: മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തവരെ കണ്ടെത്തുന്നതിന് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മാറാട് ഉപവാസസമരത്തിനെത്തിയ നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് താലൂക്ക്ഓഫീസുകളിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 2 ന് മുഖ്യമന്ത്രിയുടെവീട്ടിലേക്ക് ബഹുജനമാര്‍ച്ച് നടക്കും. ജനാധിപത്യരീതിയിലുള്ള സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ശശികലടീച്ചര്‍ കുറ്റപ്പെടുത്തി.
മാറാട് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് വകവച്ചുകൊടുക്കാന്‍ പറ്റില്ല. അരയസമാജം പ്രവര്‍ത്തകരെ പോലീസ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇനിയും അവരെ പീഡിപ്പിക്കാന്‍ അനുവദിക്കില്ല.
മാറാട് കൂട്ടക്കൊല സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. അന്വേഷണം തന്നെ മരവിച്ചമട്ടിലാണ്. കൂട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ വീഴ്ചകള്‍ വിചാരണക്കോടതിയും അപ്പീല്‍ കോടതിയും ഗൗരവമായി ചൂണ്ടിക്കാണിച്ചിരുന്നു. ഭീകരന്മാരുടെ പങ്ക് പുറത്തുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കുന്നതു വരെ സമരം നടക്കും. അവര്‍ പറഞ്ഞു.
ഹിന്ദുസമൂഹത്തിന്റെ നേതൃനിരയെയാണ് ഇന്നലെ മാറാട് അറസ്റ്റ് ചെയ്തത്. സമാധാനപരമായ സമരത്തെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് കൊണ്ട് മാറാട് പ്രക്ഷോഭത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടതില്ല.
നീതിനിഷേധത്തിനും പോലീസിന്റെ തേര്വാഴ്ചയ്ക്കുമെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധം നടക്കും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: