കൊല്ലം: നോക്കുകൂലി പ്രശ്നത്തില്‍ ബിഎംഎസ് നിലപാട് വ്യക്തമാക്കിയിട്ടും സാമൂഹ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് പറഞ്ഞു. ചില പത്രമുതലാളിമാരുടെ താല്പര്യങ്ങളാണ് ഇതിന് പിന്നില്‍. മഹാഭാരത യുദ്ധത്തില്‍ ദ്രോണരെ കള്ളംപറഞ്ഞ് വീഴ്ത്തിയതുപോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് എം.കെ. കമലന് നഗറില്‍ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ തൊഴില്‍ എടുത്തുകൊണ്ടിരിക്കുന്ന സ്ഥലത്ത് യന്ത്രവല്‍ക്കരണം വരുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നതാണ് ഈ വിഷയത്തില്‍ ബിഎംഎസിന്റെ വ്യക്തമായ നിലപാട്. അത് കേവലം വ്യക്തികേന്ദ്രീകൃതമല്ല. നഗരത്തിന്റെയും ഗ്രാമത്തിന്റെയും കാവല്‍ക്കാരാണ് ചുമട്ട് തൊഴിലാളികള്‍. എന്നാല്‍ എവിടെയെങ്കിലും ഒരാള്‍ ചെയ്യുന്ന തെറ്റിന് ചുമട്ടുതൊഴിലാളികളാകെ ജനദ്രോഹികളാണെന്ന പ്രചരണം അവസാനിപ്പിക്കണം.
കേരളത്തിന്റെ സമസ്ത മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ പിടിമുറുക്കിക്കഴിഞ്ഞു. നമ്മുടെ യുവാക്കള്‍ക്ക് ഇന്നും കായിക അധ്വാനത്തോട് വിരക്തിയാണ്. സൗദിയുടെ നിലപാട് മറ്റുരാജ്യങ്ങളും സ്വീകരിച്ചാല്‍ കേരളത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്. ഇത് തിരിച്ചറിയാന്‍ നമ്മുടെ സമൂഹം തയാറാകണം. തൊഴില്‍ മേഖലയില്‍ ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കേണ്ട നമ്മുടെ രാജ്യം ഇന്ന് വര്‍ധിച്ചു വരുന്ന അഴിമതിയും സ്ത്രീപീഡനവും കാരണം ലജ്ജിച്ച് തല താഴ്ത്തുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ പോലും ക്രമക്കേട് നടത്തുന്ന രാജ്യമായി മാറുന്നു. ഒരുകാലഘട്ടത്തില്‍ തങ്ങളുടെ മഹത്തായ ദൗത്യം തിരിച്ചറിഞ്ഞ് ചുമട്ട്തൊഴിലാളികള്‍ സമൂഹത്തിന്റെ കാവല്ഭടന്മാരായി തന്നെ നിലയുറപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് ആര്. രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു. സിഐടിയു ദേശീയ പ്രസിഡന്റ് പി.കെ. ഗുരുദാസന് എംഎല്‍എ, കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്മാന് അഡ്വ.എസ്. ബലദേവ്, ചുമട്ട് തൊഴിലാളി ഫെഡറേഷന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ഇന്ദുശേഖരന്‍നായര്‍, യുടിയുസി ദേശീയ സെക്രട്ടറി പി. പ്രകാശ്ബാബു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി ജി.കെ. അജിത് തുടങ്ങിയവര്‍ സംസാരിച്ചു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി. രാധാകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.എന്‍. ഹരികൃഷ്ണകുമാര്‍ സമാരോപ് പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായി വി. രാധാകൃഷ്ണന്- തൃശൂര്‍ (പ്രസിഡന്റ്), ജി. സതീഷ്കുമാര്‍ (സാബു)- പത്തനംതിട്ട, കെ.പി. ജ്യോതിര്‍മനോജ്- കണ്ണൂര്‍, പി.വി. സുബ്രഹ്മണ്യന്- തൃശൂര്‍, ടി. രാജേന്ദ്രന്‍പിള്ള- കൊല്ലം, ഒ.കെ. ധര്‍മ്മരാജ്- കോഴിക്കോട് (വൈസ്പ്രസിഡന്റുമാര്‍), ബി. ശിവജി സുദര്ശന്- കൊല്ലം (ജനറല്‍ സെക്രട്ടറി), കെ. മനോഷ്കുമാര്‍- തിരുവനന്തപുരം, വി.എസ്. പ്രസാദ്- കോട്ടയം, യു.ആര്. ശശികുമാര്‍- ആലപ്പുഴ, പി.എ. രാജേന്ദ്രന്- ഇടുക്കി, കെ.വി. ചന്ദ്രന്- പാലക്കാട്, എം. ഹരിദാസ്- മലപ്പുറം, കെ. ഹരിദാസ്- വയനാട്, എ. വേണുഗോപാല്‍- കാസര്‍കോട് (സെക്രട്ടറിമാര്‍), എ.ഡി. ഉണ്ണികൃഷ്ണന്- എറണാകുളം (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: