തിരുവനന്തപുരം: മരണത്തെയാണ് എസ്.പി.മുരളീധരന് ഇന്നലെ നീന്തി തോല്‍പ്പിച്ചത്. കന്യാകുമാരി ബോട്ട് ജെട്ടിയില്‍ നിന്നും തിരയിലേക്കൂളിയിട്ട്, മുപ്പത് മിനിറ്റ്കൊണ്ട് ത്രിവേണിസംഗമത്തില്‍ നിന്നുയര്‍ന്ന കൂറ്റന്‍ തിരമാലകളെ വകഞ്ഞ്മാറ്റി വിവേകാനന്ദപ്പാറയെ വലംവച്ച് അദ്ദേഹം കരയ്ക്കണഞ്ഞപ്പോള്‍ ചരിത്രത്തില്‍ കയ്യൊപ്പ് ചാര്‍ത്തുകയായിരുന്നു.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ചാണ് ഇതിഹാസ നീന്തല്‍ താരം മുരളീധരന് കന്യാകുമാരി ബോട്ടു ജെട്ടിയില്‍നിന്നും വിവേകാനന്ദപ്പാറയെ വലംവച്ച് നീന്തിക്കയറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10ന് സ്പീക്കര്‍ ജി കാര്ത്തികേയന് പച്ചക്കൊടിവീശിയതോടെ മുരളി തിരകളെ ഭേദിച്ച് നീന്തി. പത്തു മിനിറ്റുകൊണ്ട് മുരളീധരന് വിവേകാനന്ദപ്പാറയ്ക്കു സമീപം നീന്തിയെത്തി. തുടര്‍ന്ന് പാറയെ വലംവയ്ക്കാന്‍ തുടങ്ങി. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും തിരമാലകളെ തോല്‍പ്പിച്ച് വിവേകാനന്ദ പാറചുറ്റി നീന്തിക്കയറുകയാണ്. യാതൊരു തയാറെടുപ്പിമില്ലാതെയാണ് മുരളീധരന് ഈ ദൗത്യത്തിനിറങ്ങിയത്. അങ്ങേയറ്റം സാഹസികമായ പരിശ്രമം. പാറക്കെട്ടുകള്‍ നിറഞ്ഞ മൂന്നു സമുദ്രങ്ങളില്‍ നിന്നുള്ള തിരമാലകള്‍ മാറിമാറി അടിക്കുന്ന സമുദ്രഭാഗം. ആഴമെത്രയെന്നോ അടിയൊഴുക്കുകളെ കുറിച്ചോ മുന്‍കൂട്ടി മനസിലാക്കിയിരുന്നില്ല. അങ്ങേയറ്റം അപകടമേറിയ ഒന്നര കിലോമീറ്റര്‍ ദൂരം ഒരുമണിക്കൂര്‍ കൊണ്ട് നീന്തിക്കയറാനായിരുന്നു മുരളീധരന്റെ ശ്രമം.
തിരുവള്ളുവര്‍ പ്രതിമക്കും വിവേകാനന്ദപ്പാറയ്ക്കും ഇടയിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായെത്തിയ കൂറ്റന്‍ തിരമാലകളില്‍പെട്ട് അദ്ദേഹം പാറക്കെട്ടിലേക്ക് വലിച്ചെറിയപ്പെട്ടു. പാറയോടു ചേര്‍ന്ന് അടിച്ചുകയറുന്ന തിരമാലകളെ മുറിച്ചുകടന്നുള്ള നീന്തല്‍ അത്യന്തം ശ്രമകരമായിരുന്നു. മൈക്കിലൂടെ നിര്‍ദേശം നല്‍കിക്കൊണ്ട് രണ്ടു റസ്ക്യൂ ബോട്ടുകള്‍ മുരളീധരനെ അനുഗമിച്ചു. പാറയുടെ പുറകുവശം വരെ വളരെ വേഗത്തില്‍ തന്നെ മുരളീധരന് മുന്നേറി. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും ഇടയിലുള്ള പ്രദേശത്തേക്ക് എത്തിയതോടെ കടല്‍ പ്രതിരോധവലയം തീര്‍ത്തു. ഇരു ഭാഗങ്ങളില്‍ നിന്നും കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. വിവേകാനന്ദ പാറയില്‍ നിന്നും 100 മീറ്ററോളം ദൂരത്തുകൂടിയാണ് അദ്ദേഹം നീന്തിയിരുന്നത്.
തിരമാലകള്‍ സൃഷ്ടിച്ച ചുഴിയില്‍പ്പെട്ട അദ്ദേഹത്തിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തിരമാലകള്‍ അദ്ദേഹത്തെ മൂന്നുവട്ടം പാറയ്ക്കു മുകളിലേക്ക് എടുത്തെറിഞ്ഞു. ഇതോടെ വിവേകാനന്ദ പാറയില്‍ നിന്നിരുന്ന ആയിരക്കണക്കിനു ടൂറിസ്റ്റുകള്‍ അലറിവിളിക്കാന്‍ ആരംഭിച്ചു. മുരളീധരനെ ഇതുവരെ കാണാത്ത, അറിയാത്ത നാനാതുറയില്നിന്നെത്തിയ ടൂറിസ്റ്റുകള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ചു. തന്റെ പരിശ്രമം മതിയാക്കി പിന്മാറാന് ഉറച്ചുകൊണ്ട് റസ്ക്യൂ ബോട്ടുകള്‍ക്കു വേണ്ടി മുരളീധരന് ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ റസ്ക്യൂ ബോട്ടുകള്‍ക്ക് അവിടേക്ക്് എത്താനായില്ല. മുങ്ങിത്താഴുമെന്ന് ഉറപ്പായെങ്കിലും തനിക്ക് പ്രതിരോധം തീര്‍ത്ത തിരകളെ വെല്ലുവിളിച്ച് മുരളി മുന്നോട്ട് നീന്തി. ഉദ്വോഗജനകമായ നിമിഷങ്ങള്‍… ഒടുവില്‍ മുരളിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ കടല്‍ വഴിമാറി.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: