കൊച്ചി: വിവാദമായ നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിലെ പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാംപ്രതി സൗദി എയര്‍ ലൈന്‍സിലെ താത്കാലിക ജീവനക്കാരനായിരുന്ന അബ്ദുള്‍ സാവദിന്റെ ജാമ്യഹര്‍ജിയാണ് ജസ്റ്റിസ് പി.ഡി. രാജന് തള്ളിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം പാസ്പോര്‍ട്ട് ആക്ട് അനുസരിച്ചാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജനുവരി 28ന് അറസ്റ്റിലായ രണ്ടാംപ്രതിക്കെതിരെ പ്രഥമദൃഷ്ടിയില്‍ കുറ്റം കാണുന്നുണ്ട്. ദേശവിരുദ്ധ ശക്തികള്‍ കേസില്‍ പങ്കാളികളാണ്. മാത്രമല്ല കേസന്വേഷണം സിബിഐയെ ഏല്‍പ്പിച്ച ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. മാത്രമല്ല കേസിലെ മറ്റു പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈസാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് സിബിഐ അന്വേഷണത്തെ ബാധിക്കും. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന പോലീസിലെ പ്രത്യേകസംഘം അന്വേഷിച്ചിരുന്ന കേസ് അവസാനം എഡിജിപി ഏറ്റെടുത്തിട്ടും പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതി കേസ് ഡയറി പരിശോധിക്കുന്നതും സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നതും. തുടര്‍ന്ന് കോടതി സിബിഐ, എന്‍ഐഎ തുടങ്ങിയ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. അങ്ങനെയാണ് സിബിഐ അന്വേഷണത്തിന് വഴിതുറന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പോലീസ് കോണ്‍സ്റ്റബിള്‍ അജീബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതി അറസ്റ്റിലായി 90 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷവും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ഇത് സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ മൂലമാണെന്ന് വ്യാപകമായി കുറ്റപ്പെടുത്തല്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: