മലപ്പുറം: വിനീത് ശ്രീനിവാസന്റെ അടുത്തകാലത്തിറങ്ങിയ സിനിമയിലെ ഒരു ഡയലോഗ് യുവാക്കള്‍ക്കിടയില്‍ ഹിറ്റാണ്. അവളാ തട്ടമിട്ട് വന്നാല്‍ ഉണ്ടല്ലോ എന്റെ സാറെ………. മലപ്പുറത്തെ ഒരു മന്ത്രിക്ക് പറ്റിയതും അതാണ്. അവള് ആ യൂണിഫോമിട്ട് മുന്നില്‍ വന്നപ്പോഴുണ്ടല്ലോ കണ്ട്രോള് പോയി. പിന്നെ സംഭവിച്ചത് പുറത്തുപറയാന്‍ കൊള്ളില്ല. സംഭവം പുലിവാലായി, പരാതിയായി. ഒരു സാധാരണക്കാരനാണ് ഇത്തരം പ്രവൃത്തി ചെയ്തിരുന്നതെങ്കില്‍ നിശ്ചയമായും അവന് ഇന്ന് അഴികള്ക്കുള്ളിലായിരിക്കും.
ഉമ്മന്‍ ചാണ്ടിയുടെ കേരളം വെള്ളരിക്കാപട്ടണം തന്നെയെന്ന് വീണ്ടും തെളിയുന്നു. മന്ത്രി തന്നെ ലൈംഗികമായി കയ്യേറ്റം ചെയ്തെന്ന് കാണിച്ച് ഒരു വനിത പോലീസ് ഉദ്യോഗസ്ഥ പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം. ഒരു പൊതുപരിപാടിക്കിടയിലാണ് സംഭവം. പണ്ട് വിമാന യാത്രയ്ക്കിടെ ഒരു മന്ത്രിക്ക് പറ്റിയ പോലൊരു അബദ്ധമാണ് ഇവിടെയും സംഭവിച്ചത്. മന്ത്രിപ്പണി പോകാനും കേസില്‍ കുടുങ്ങാനും ഇത് ധാരാളം. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്വന്തം ആളായതുമൂലം ഇപ്പോഴും സംഗതി ഏശാത്തമട്ടിലാണ് മന്ത്രി. സംഭവമെല്ലാമറിഞ്ഞിട്ടും പ്രതിപക്ഷവും ഭരണപക്ഷത്തെ കുഞ്ഞാപ്പമാരും മൗനം തുടരുന്നതും ദുരൂഹമാണ്.
അതിനിടെ പരാതിക്കാരിയെ സമ്മര്‍ദ്ദത്തിലാക്കാനും സ്വാധീനിക്കാനും ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. പ്രലോഭനം, ഭീഷണി, അനുനയം തുടങ്ങിയ അടവുകളുമായി ഡിസിസി നേതാക്കള്‍ മുതല്‍ നഗരസഭാ ഉപാധ്യക്ഷവരെ പരാതിക്കാരിയുടെ അടുത്തെത്തിയിട്ടുണ്ട്. പരാതിയും പരിഭവവും ആയി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും കിട്ടുന്നതുവാങ്ങി കേസ് ഒതുക്കുകയാണ് നല്ലതെന്നും ആണ് ഇവരുടെ ഉപദേശം. എന്തായാലും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ആ സ്ത്രീ.
കേരളത്തില്‍ ഒരു വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഗതി ഇതാണെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കാര്യം എന്താകുമെന്നാണ് ആശങ്ക ഉയരുന്നത്. ഒന്നിനുപുറകെ ഒന്നായി ഇത്തരം ആരോപണങ്ങള്‍ വരുമ്പോഴും പതിവ് ശൈലിയില്‍ എല്ലാം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നത്. മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും പോലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: