അങ്കമാലി: അങ്കമാലി-കാലടി-കൊരട്ടി-അത്താണി മേഖലയില്‍ കഴിഞ്ഞ നാലു ദിവസമായി കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നടന്നു വന്നിരുന്ന ബസ് സമരം ഒത്തുതീര്‍പ്പിലായി. ഇന്നലെ രാവിലെ 11 ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ബസ് സമരം ഒത്തുതീര്‍പ്പിലായത്. ഒത്ത് തീര്‍പ്പ് ധാരണയനുസരിച്ച് ഒരു ബസ്സിലെ 3 തൊഴിലാളികള്‍ക്ക് 415 രൂപ അധികമായി ലഭിക്കും. നിലവില്‍ ഡ്രൈവര്‍ക്ക് 435 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 188 രൂപ വര്‍ധിച്ച് 624 രൂപയാകും. കണ്ടക്ടര്‍ക്ക് 344 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 156 രൂപ വര്‍ധിച്ച് 500 രൂപയാകും. ഡോര്‍ ചെക്കര്‍ക്ക് 390 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 70 രൂപ വര്‍ധിച്ച് 460 രൂപയാകും. ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി സിഐടിയു നേതാക്കളായ കെ.എ. ചാക്കോച്ചന്, പി.ജെ. വര്‍ഗീസ്, സി.കെ. ഉണ്ണികൃഷ്ണന്, കെ.പി. പോളി, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി.ടി. പോള്‍, സി.എ. ജോസ്, സി.എ. വിജയകുമാര്‍, ബിഎംഎസ് നേതാക്കളായ പി.എസ്. വേണുഗോപന്‍, എന്‍.വി. സുഭാഷ്, ടി.എസ്. ബൈജു, എം.പി. പ്രദീപ്, പി.കെ. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: