മരട്: കുമ്പളം പഞ്ചായത്തിലെ പനങ്ങാട്, ചേപ്പനം, ചാത്തമ്മ പ്രദേശങ്ങളില്‍ കായല്‍ കയ്യേറിയുള്ള അനധികൃത നിര്‍മ്മാണം വ്യാപകമാകുന്നു. പ്രദേശത്തെ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കായലോരങ്ങളിലാണ് അധികൃതരുടെ ഒത്താശയോടെ വ്യാപകകയ്യേറ്റം നടക്കുന്നത്. ഇതിനുപുറമെ പാരസ്ഥിതിക നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
തീരദേശ പരിപാലനനിയമം (സിആര്‍ഇസഡ്) പ്രകാരം സോണ്‍ ഒന്ന്, രണ്ട് എന്നിവയില്‍പ്പെടുന്ന പ്രദേശങ്ങളാണ് കുമ്പളം പഞ്ചായത്തിലെ കായലോരങ്ങള്‍. പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടല്‍ചെടികള്‍ നിറഞ്ഞ ഇവിടം മത്സ്യങ്ങളുടേയും കായല്‍ ജീവികളുടേയും ആവാസകേന്ദ്രം കൂടിയാണ്. മത്സ്യബന്ധനം ജീവിതമാര്‍ഗ്ഗമാക്കിയ വലിയൊരു വിഭാഗം പേര് തിങ്ങിപാര്‍ക്കുന്നു എന്ന പ്രത്യേകതയും പനങ്ങാട് പ്രദേശത്തിനുണ്ട്.
പാരിസ്ഥിതികാനുമതിയില്ലാതെയാണ് ഇവിടങ്ങളില്‍ നിരവധി റിസോട്ടുകളും, വില്ലകളും, നിര്‍മ്മിച്ചിരിക്കുന്നത്. കായലോരവും പുറംപോക്കുകളും വ്യാപകമായി കയ്യേറിയാണ് പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിരിക്കുന്നത്. ഇതിനുപുറമെ ചിലകോര്പ്പറേറ്റ് സ്ഥാപനങ്ങളും, മലയാളത്തിലെ ഒരു സൂപ്പര്‍ നായകനും ഉള്‍പ്പെടെ നിരവധി പേര് നിയമവിരുദ്ധമായി ആഡംബര മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവക്കെല്ലാം നിയമം കാറ്റില്‍പറത്തി ഒത്താശചെയ്യുകയാണ് കുമ്പളം പഞ്ചായത്തെന്നാണ് ആക്ഷേപം. കായല്‍ കയ്യേറ്റവും, അനധികൃത നിര്‍മ്മാണങ്ങള്‍ക്കും പുറമെ മാലിന്യങ്ങള്‍ കായലിലേക്കു തള്ളുന്നതും വന്‍ പാരിസ്ഥിതിക പ്രശ്നമായി തീര്‍ന്നിരിക്കുകയാണ് ഇവിടങ്ങളില്‍. കായല്‍ മത്സ്യങ്ങളുടേയും, കക്ക, ഞണ്ട് എന്നിവയുടേയും ലഭ്യത ഇതുമൂലം കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കായല്‍ കയ്യേറ്റത്തിനുപുറമെ തണ്ണീര്‍ത്തടങ്ങളും, തോടുകളും പനങ്ങാട് പ്രദേശത്ത് മണ്ണിട്ടുനികത്തുന്നതും വര്‍ധിച്ചിട്ടുണ്ട്.
അനധികൃതമായി കായല്‍ കയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ചുറ്റുമതില്‍ പനങ്ങാട് കഴിഞ്ഞദിവസം തകര്‍ന്നുവീണിരുന്നു. നിയമവിരുദ്ധമായ കെട്ടിടനിര്മ്മാണമായതിനാല് പഞ്ചായത്ത് അനുമതി നല്‍കിയില്ല. എന്നാല്‍ അധികൃതരുടെ മൗനാനുവാദത്തോടെ ഇവിടെ പണിതുടര്‍ന്നു വരികയായിരുന്നു എന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: