മലപ്പുറം: കെഎസ്ആര്‍ടിസിക്ക് നാട്ടിലെ പിള്ളേരിട്ട പേര് ആന വണ്ടിയെന്നാണ്. എന്നാല്‍ ആ പേരില്‍ ഇന്നല്പം തിരുത്തല്‍ വേണം. വെള്ളാനകളുടെ വണ്ടി എന്നാക്കിയാല്‍ ശരിയാകും. നഷ്ടങ്ങളുടെ കണക്കുമാത്രം പറയാനുള്ള കെഎസ്ആര്‍ടിസിയെ ഈ കോലത്തിലാക്കിയത് ആരാണെന്ന് അന്വേഷിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സ്വഭാവമുള്ള ചില ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെയാണ് പ്രധാനപ്രതികളെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തില്‍ ഏറ്റവും അധികം കെഎസ്ആര്‍ടിസി സര്‍വ്വീസുള്ള റൂട്ടുകളിലൊന്നാണ് കോഴിക്കോട്-പാലക്കാട് സംസ്ഥാനപാത. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ റൂട്ടില്‍ ദിവസേന യാത്ര ചെയ്യുന്നത്. നൂറുകണക്കിന് സ്വകാര്യബസുകള്‍ വേറെയും.
സമയം രാവിലെ 9.45. പെരിന്തല്‍മണ്ണയ്ക്ക് അടുത്തുള്ള അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനില്‍ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ എത്തി. റെയില്‍വേസ്റ്റേഷനില്‍ നിന്ന് നൂറുകണക്കിന് യാത്രക്കാര്‍ നൂറുമീറ്റര്‍ മാത്രം ദൂരത്തുള്ള ബസ് സ്റ്റോപ്പിലേക്ക്. സ്വകാര്യബസ്സുകള്‍ മത്സരിച്ച് ആളെ വിളിച്ചു കയറ്റുന്നു. ഇതിനിടയില്‍ കോഴിക്കോട്ടേക്കും പാലക്കാട്ടിനും പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ കടന്നുപോയി.
സീറ്റുകള്‍ കാലി. യാത്രക്കാര്‍ കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ഇവിടെ സ്റ്റോപ്പില്ലെന്ന് കണ്ടക്ടര്‍. ഷൊര്‍ണ്ണൂരില്‍ നിന്ന് ട്രെയിനില്‍ എത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇരുഭാഗത്തേക്കും ബസ്സ് കാത്തുനില്‍ക്കുന്നത്. ഇതിനിടയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഗതാഗതകുരുക്കില്‍പ്പെട്ടു. ഇതുകണ്ടതോടെ യാത്രക്കാര്‍ കൂട്ടമായി ആ ബസ്സില്‍ കയറാന്‍ ഓടിയെത്തി. കണ്ടക്ടര്‍ ഉടനെ ഡോര്‍ ലോക്ക് ചെയ്ത് ഡബിള്‍ ബെല്‍. ആരും കയറരുതെന്ന് വാശിയുള്ളതുപോലെ. സമയം 12.45. അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനില്‍ നിലമ്പൂരില്‍ നിന്നുള്ള തീവണ്ടി എത്തി. ഇപ്പോഴും നൂറുകണക്കിന് യാത്രക്കാര്‍ ഉണ്ട്. കോഴിക്കോട്-പാലക്കാട് ഭാഗങ്ങളിലേക്ക്. എന്നാല്‍ ഈ സമയത്ത് വരേണ്ട കെഎസ്ആര് ടിസി ബസ്സുകള്‍ ഒന്നും വരുന്നില്ല. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ ബസുകള്‍ വൈകി ഓടുന്നുവെന്ന് മറുപടി. എന്നാല്‍ രഹസ്യം പിടികിട്ടിയത് അല്പം കഴിഞ്ഞാണ്. ഇരുഭാഗത്തേക്കുമുള്ള സ്വകാര്യബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ വിളിച്ചുകയറ്റുന്നു. കോഴിക്കോട് ഭാഗത്തേക്ക് മൂന്ന് സ്വകാര്യബസ്സുകളും പാലക്കാട്ടേക്ക് രണ്ട് സ്വകാര്യബസ്സുകളും.
നിറയെ യാത്രക്കാര്‍. ഈ ബസ്സുകള്‍ സ്റ്റോപ്പില്‍ നിന്ന് പുറപ്പെട്ടതും അതാവരുന്നു ആന വണ്ടികള്‍. ഒന്നല്ല, രണ്ടല്ല. മൂന്ന്. ഒന്നിന് പുറകെ ഒന്നായി. കയറാന്‍ ആളില്ല. കയറ്റാന്‍ അവര്‍ക്ക് താത്പര്യവുമില്ല. സ്വകാര്യബസ് ഉടമകളുടെ താത്പര്യം സംരക്ഷിക്കാനും ലാഭം വര്‍ദ്ധിപ്പിക്കാനും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എന്താണ് പ്രയോജനം. നേട്ടങ്ങള്‍ പലതുമുണ്ടെന്നാണ് ജീവനക്കാരില്‍ തന്നെ ചിലര്‍ സമ്മതിക്കുന്നത്.
ഇത് തിരക്കുള്ള ഒരു സ്റ്റോപ്പിലെ കഥയാണെങ്കില്‍ ഓടുന്ന വഴിയിലുമുണ്ട് ഇത്തരം അഡ്ജസ്റ്റ്മെന്റുകള്‍. ഒരിക്കലും സമയത്ത് എത്തണമെന്ന് ഇവര്‍ക്ക് ഒരു താത്പര്യവുമില്ല. മുന്നില്‍ സ്വകാര്യബസ് ഓടുന്നുണ്ടെങ്കില്‍ ഒരിക്കലും കെഎസ്ആര്‍ടിസി ബസിന് വേഗം കിട്ടാറില്ല. എല്ലാ സ്റ്റോപ്പുകളിലും സ്വകാര്യബസ്സുകളുടെ പിന്നില്‍ കൊണ്ടുപോയി നിര്‍ത്തുക മറ്റൊരു ശീലം. പെരിന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെട്ടാല്‍ അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കല്‍ എന്നിവിടങ്ങളിലെല്ലാം നിറയെ യാത്രക്കാരുണ്ട്. പക്ഷേ ബസ് നിര്‍ത്തുന്നത് ഒന്നുകില്‍ സ്റ്റോപ്പില്‍ നിന്ന് മാറി അല്ലെങ്കില്‍ സ്വകാര്യബസ്സിന് പിന്നില്‍. വണ്ടി നിര്‍ത്തിയാലും അകത്തുകയറിപ്പറ്റണമെങ്കില് യാത്രക്കാരന് അഥവാ യാത്രക്കാരി അഭ്യാസി കൂടിയായിരിക്കണം. വാതില്‍ ഒരിക്കലും ഇവര്‍ തുറന്നുതരില്ല. വേണമെങ്കില്‍ തുറന്നു കയറണം. ഇതിന് ഫുട്ബോഡിനടിയിലെ കമ്പിയില്‍ ചവിട്ടി ഉയര്‍ന്നു നിന്ന് വേണം വാതില്‍ തുറക്കാന്‍. ഇതിനിടയില്‍ ചിലപ്പോള്‍ ഡബിള്‍ ബെല്ലും.
എന്തിനാണ് ഇങ്ങനെ ഒരു സ്ഥാപനത്തെ നശിപ്പിക്കുന്നത്. സര്‍വ്വീസില്‍ കയറിപ്പറ്റാന്‍ ഇവര്‍ എന്തെല്ലാം കഷ്ടപ്പാടാണ് സഹിച്ചിട്ടുണ്ടാവുക. എന്നിട്ടു ജോലിക്ക് കയറിയാല്‍ പിന്നെ കാട്ടിലെ തടി തേവരുടെ ആന എന്ന മനോഭാവം. താത്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി സ്ഥാപനത്തെ തകര്‍ക്കുന്നവര്‍ മനസിലാക്കുന്നില്ല ഇതുമൂലം കെഎസ്ആര്‍ടിസി നാളെ സ്വകാര്യവത്കരിക്കപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത്. ജോലി സുരക്ഷപോകും എന്നുമാത്രമല്ല ജോലി ഭാരം ഏറുകയും ചെയ്യും. ഇത് കൂടാതെ പൊതു ഉടമസ്ഥതയിലുള്ള യാത്രാസംവിധാനം തകര്‍ന്നാല്‍ പൂര്‍ണമായും ഈ രംഗം സ്വകാര്യവത്കരിക്കപ്പെട്ടാല്‍ ജനത്തിനുണ്ടാകുന്ന ദുരിതം വേറെ.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: