കൊച്ചി: ബാലകൃഷ്ണ പിള്ളയും പി.സി.ജോര്‍ജ്ജും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഗണേശ്കുമാര്‍ മന്ത്രി സ്ഥാനം രാജിവെച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ പറഞ്ഞു. ഗണേഷിനെ പുറത്താക്കി മന്ത്രിയാകാനുള്ള ബാലകൃഷ്ണപിളളയുടെ വ്യാമോഹമാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. ഒറ്റയ്ക്ക് ഒരു മണ്ഡലത്തില്‍ മത്സരിച്ചാല്‍ 2000 വോട്ട് പോലും കിട്ടാത്ത പാര്‍ട്ടിയാണ് സിഎംപി. ആര് ബാലകൃഷ്ണപിള്ള സ്വന്തം മണ്ഡലമായ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസിന്റെ സഹയത്തോടെ മത്സരിച്ചിട്ടു പോലും ജയിക്കാത്ത വ്യക്തിയാണ്. മന്ത്രിയായി മരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ബാലകൃഷ്ണപിള്ള. ഗണേശിന്റെ എംഎല്‍എ സ്ഥാനം കൂടി രാജിവെപ്പിച്ച് വീണ്ടും മത്സരിക്കാനുള്ള നീക്കം നടക്കാത്തതിലുള്ള കോലാഹലങ്ങളാണ് പിള്ള നടത്തുന്നത്. ഗൗരിയമ്മ പാരമ്പര്യമുള്ള രാഷ്ട്രീയ നേതാവാണ്. പി.സി. ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്താന്‍ കെ.എം.മാണി തയ്യാറാവണം. പി .സി ജോര്‍ജ് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും അപമാനമാണ്.പി സി ജോര്‍ജിന് ലെക്കും ലെഗാനും വിവരവുമില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അയാള്‍ ചെയ്യുന്നത്. ഘടകകക്ഷികള്‍ മുന്നണി മര്യാദകള്‍ പാലിക്കണം. തങ്ങളുടെ വലുപ്പത്തെക്കുറിച്ച് പാര്‍ട്ടികള്‍ക്ക് ബോധം ഉണ്ടാകണം. ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ അനുസരിച്ചേ മതിയാകൂ. പ്രധാനകക്ഷിയായ കോണ്‍ഗ്രസ് വിപ്പ് അംഗീകരിക്കാഞ്ഞിട്ടും ചീഫ് സ്ഥാനവുമായി കൊടിവെച്ച കാറില്‍ നാണം കെട്ട് നടക്കുന്നവനാണ് പി.സി.ജോര്‍ജെന്നും മുസ്തഫ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: