വാഷിംഗ്ടണ്‍: 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് വസ്തുതകള്‍ക്ക് നിരക്കാത്ത വളച്ചൊടിക്കലുമായി അമേരിക്കന്‍ മനുഷ്യാവകാശ സംഘടന. ‘കണ്ട്രി റിപ്പോര്‍ട്ട്സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രാക്ടീസസ് ഫോര്‍ 2012’ എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചിരിക്കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ്. ഗുജറാത്ത് കലാപം സംബന്ധിച്ച് അന്വേഷണം നടത്തിയ ഏജന്‍സികളെല്ലാം മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്കി എന്നാണ് പരാമര്‍ശം. എന്നാല്‍ കലാപം സംബന്ധിച്ച നിരവധി കേസുകളുടെ വിചാരണ കോടതികളില്‍ പുരോഗമിക്കുന്നുണ്ടെന്നും പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചത്.
റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് പ്രതിപാദിക്കുന്ന 60 പേജുകളാണുള്ളത്. ഇതില്‍ 2012 ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പോലീസ്-സുരക്ഷാ സേനകളുടെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാണിക്കുന്നു. അതില്‍ തന്നെ ജുഡീഷ്യറിക്ക് പുറത്തുള്ള കൊലകള്‍, പീഡനം, ബരാത്സംഗം, മുഴുവന്‍ സര്‍ക്കാര്‍ മേഖലകളിലുമുള്ള അഴിമതി, നീതി വൈകല്‍, വിഭാഗീയത, കലാപം, സാമൂഹ്യസംഘര്‍ഷം എന്നിവയാണ് പരാമര്‍ശിക്കുന്നത്.
നിരന്തരം ജീവന് ഭീഷണിയുണ്ടാക്കുന്ന ജയിലുകളിലെ ശോചനീയാവസ്ഥ, ഏകപക്ഷീയമായ അറസ്റ്റും അന്യായമായി തടങ്കലില്‍ വയ്ക്കലും, നീണ്ട കാലയളവിലുള്ള വിചാരണത്തടങ്കല്‍ എന്നീ മനുഷ്യാവകാശ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. നീതിപീഠത്തിന് താങ്ങാനാകാത്ത വിധം കേസുകളുടെ ബാഹുല്യമുണ്ട്. അതിനാല്‍ തന്നെ കോടതികളില്‍ ദീര്‍ഘമായ കാലതാമസം നേരിടുകയോ നീതി നിഷേധിക്കപ്പെടുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു.
പൗരന്മാരുടെ സ്വകാര്യവകാശങ്ങളില് വരെ അധികൃതര്‍ അതിക്രമിച്ച് കടക്കുന്നു. വിഭാഗീയത സൃഷ്ടിക്കുന്ന കലാപങ്ങള്‍, ജമ്മു കാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഭീകരപ്രവര്‍ത്തനങ്ങള്‍, നക്സലൈറ്റ് ശൃംഖല സൃഷ്ടിക്കുന്ന നിരവധി പ്രശ്നങ്ങള്‍, പ്രത്യേകിച്ചും സുരക്ഷാസൈനികര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരന്മാര് എന്നിവരെ കൊലപ്പെടുത്തുന്നത് എന്നിവ രൂക്ഷമാണ്. തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, കവര്‍ച്ചയ്ക്കായി കുട്ടികളെ ഉപയോഗിക്കല്‍ ഇങ്ങനെ കലാപകാരികള്‍ നിരവധി കേസുകളില്‍ ഉത്തരവാദികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ജമ്മു കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുമ്പത്തെക്കാളും സംഘര്‍ഷങ്ങള്‍ ഒരളവുവരെ കുറഞ്ഞു. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് അത് വേണ്ടപോലെ പരാതിപ്പെടാന്‍ സാധിക്കുന്നില്ല.
നീതിനിര്‍വഹണ സംവിധാനത്തിന്റെയും നിയമവ്യവസ്ഥയുടെയും അപര്യാപ്തതയാണ് ഇതിന് കാരണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കുറ്റപ്പെടുത്തുന്നു.
നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നവര്‍ക്കും അക്രമികള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കുന്നതായും ചില കേസുകളില്‍ ഇരയാക്കപ്പെട്ട സ്ത്രീയോട് അക്രമിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: