ആലപ്പുഴ: നിരന്തരമായി പാര്‍ട്ടിയെയും പാര്‍ട്ടി നേതാവ് ഗൗരിയമ്മയെയും അവഹേളിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് വിടാന്‍ ജെഎസ്എസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ഒരുവിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ അന്തിമ തീരുമാനം ആഗസ്റ്റില്‍ ചേരുന്ന പ്രത്യേക കണ്‍വന്‍ഷനില്‍ കൈക്കൊള്ളാനും തീരുമാനമായി.
കെ.ആര്.ഗൗരിയമ്മയെ വ്യക്തിപരമായി അധിക്ഷേപിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാതെ യാതൊരു ഒത്തുതീര്‍പ്പും പാടില്ലെന്ന് സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മാപ്പുപറയാന്‍ പോലും പി.സി.ജോര്‍ജോ, കെ.എം.മാണിയോ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ അവഹേളനം സഹിച്ച് തുടരേണ്ടതില്ലെന്നാണ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം. യോഗത്തില്‍ സംസാരിച്ച 14 ജില്ലാ സെക്രട്ടറിമാരില്‍ പതിമൂന്നുപേരും 60 പ്രതിനിധികളില്‍ അന്പത്തിയഞ്ചുപേരും ജെഎസ്എസ് യുഡിഎഫ് വിടണമെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
യോഗത്തില്‍ കെ.ആര്.ഗൗരിയമ്മയും ഏറെ വികാരാധീനയായാണ് സംസാരിച്ചത്. താനിപ്പോള്‍ യുഡിഎഫില്‍ ഇല്ലെന്നും യുഡിഎഫില്‍ പാര്‍ട്ടി തുടരാന്‍ താല്പര്യമില്ലെന്നും അവര്‍ തുറന്നടിച്ചു. യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് അഡ്വ.രാജന് ബാബു, മുന്‍ എംഎല്‍എയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ കെ.കെ.ഷാജുവും അടക്കമുള്ള ഒരുവിഭാഗം യുഡിഎഫ് വിടേണ്ടതില്ലെന്ന അഭിപ്രായക്കാരാണ്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും യുഡിഎഫിലും എല്ഡിഎഫിലുമില്ലാതെ പാര്‍ട്ടിക്ക് നിലനില്‍ക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗൗരിയമ്മ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് പറഞ്ഞ ഇവര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന നിലപാട് ഗൗരിയമ്മ സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. സമ്മേളനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കെ.കെ.ഷാജു ഇറങ്ങിപ്പോകുകയും ചെയ്തു. എന്തുവന്നാലും യുഡിഎഫില്‍ താനുണ്ടാകുമെന്നും അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരുവിഭാഗം നേതാക്കള്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് പൊടുന്നനെ തീരുമാനം വേണ്ടെന്ന നിലപാടില്‍ ഗൗരിയമ്മയെത്തിയത്.
സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പാര്‍ട്ടിയുടെ മണ്ഡലം, ജില്ലാ തലങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം ആഗസ്റ്റില്‍ ചേരുന്ന പ്രത്യേക കണ്‍വന്‍ഷനില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. യുഡിഎഫ് വിടാന്‍ തീരുമാനമെടുത്താല്‍ ഒരുവിഭാഗം അതുമായി യോജിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ആഗസ്റ്റില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടുകള്‍ക്ക് ഭൂരിപക്ഷം കിട്ടാനുള്ള ശ്രമങ്ങളായിരിക്കും ഇനി നടത്തുക. ജെഎസ്എസ് യുഡിഎഫ് വിടണമെന്ന് ആവശ്യപ്പെട്ട് ജെവൈഎസ് പ്രവര്‍ത്തകര്‍ സമ്മേളന വേദിക്ക് മുന്നില്‍ പ്രകടനവും നടത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: