പെരുമ്പാവൂര്‍: കാളച്ചന്ത റോഡിനടുത്തുള്ള നഗരസഭയുടെ വ്യവസായ പാര്‍ക്കിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 64 ടണ്‍ റേഷനരി ജില്ലാ സപ്ലൈ ഓഫീസര്‍ കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടികൂടി. അനധികൃതമായി സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള 811 ചാക്ക് പുഴുക്കലരി, 473 ചാക്ക് പച്ചരി, 13 ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കാണ് പരിശോധന നടന്നത്. കുറുപ്പംപടി സ്വദേശി നിബിന് ജോസിന്റെ ഉടമസ്ഥതയിലുള്ള സുബിന് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് അരി സൂക്ഷിച്ചിരുന്നത്.
ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുമ്പോള്‍ ഗോഡൗണിന് മുന്നില്‍ 130 ചാക്ക് അരി നിറച്ച ലോറി കിടപ്പുണ്ടായിരുന്നു. ഈ സമയം ഗോഡൗണിനുള്ളില്‍ റേഷനരി കെഎംജെ എന്ന കമ്പനിയുടെ പേരിലുള്ള മറ്റ് ചാക്കുകളിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ നിറയ്ക്കുകയായിരുന്നു. അങ്കമാലി എഫ് സിഐ ഗോഡൗണില്‍ നിന്നും കൊണ്ടുവന്ന അരിയാണ് ഇതെന്ന് സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിയും ഗോതമ്പും സിവില്‍ സപ്ലൈസിന്റെ പെരുമ്പാവൂര്‍ ഗോഡൗണിലേക്കും ,ലോറി കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്കും മാറ്റി.
പരിശോധനയ്ക്ക് കുന്നത്തുനാട് സപ്ലൈഓഫീസര്‍ ടി.രാജു, ആലുവ സപ്ലൈ ഓഫീസര്‍ അബ്ദുള്‍ മജീദ്, കോതമംഗലം സപ്ലൈ ഓഫീസര്‍ പി.പി.ജോര്‍ജ്ജ്, മൂവാറ്റുപുഴ സപ്ലൈ ഓഫീസര്‍ എന്‍.ടി.രാജീവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: