കൊച്ചി: പൊതു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച 1.50 ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം കൈമാറി. 2001ലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ച പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ മാതിരപ്പിള്ളി ചെട്ടിയാംകുടിയില്‍ ജിമ്മി ജേക്കബിന്റെ ഭാര്യ മിനി ജേക്കബാണ് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതില്‍ നിന്നും സഹായധനം സ്വീകരിച്ചത്. 2001ലെ പൊതു തിരഞ്ഞെടുപ്പില്‍ കോതമംഗലത്ത് പ്രിസൈഡിങ് ഓഫീസറായിരുന്നു ജിമ്മി ജേക്കബ്.
െതരഞ്ഞെടുപ്പ് ജോലിക്കിടെ അത്യാഹിതം സംഭവിച്ചാല്‍ സഹായം നല്‍കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2006ലെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മിനി ജേക്കബ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഉത്തരവിന് മുന്‍കാലപ്രാബല്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കപ്പെട്ടു. ഇതിനെതിരെ മിനി ജേക്കബ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുകൂല നിലപാടെടുത്തു.
ഇതിനിടയില്‍ ധനകാര്യ വകുപ്പ് ധനസഹായമായി ഒന്നര ലക്ഷം രൂപ മിനി ജേക്കബിന് നല്കാന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പ് ധനസഹായം നിരസിച്ചു. ഇതിനെതിരെ മിനി ജേക്കബ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചതിനൊപ്പം തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും നിവേദനം നല്കി. നിവേദനം വിശദമായി പരിശോധിച്ച സര്‍ക്കാര്‍, ധനസഹായം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം 1996ല്‍ തന്നെ നിലവിലുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് 1.50 ലക്ഷം രൂപ അടിയന്തരമായി മിനി ജേക്കബിന് നല്കാന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനാകാതെ അത്യാഹിതം സംഭവിച്ചാല്‍ അവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം നല്‍കണമെന്ന ഉദ്ദേശ്യത്തോടെ കമ്മീഷന് നല്കിയ ഉത്തരവിന്റെ പ്രയോജനം സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ നിരസിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും ചീഫ് ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കളക്ടറുടെ ചേംബറില്‍ വച്ചാണ് മിനി ജേക്കബിന് 1.50 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്, തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടര്‍ പി.വി. പൗളിന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: