കോട്ടയം: ശബരി റെയില്‍പാത അട്ടിമറിനീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു. റെയില്‍പാത അട്ടിമറി നീക്കത്തിനെതിരെ പാലായില്‍ 30ന് സംഘടിപ്പിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും. റെയില്‍വേ ബോര്‍ഡിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചിട്ടും അങ്കമാലി-ശബരി റെയില്‍പാത ഇതുവരെയും നടപ്പാക്കാത്തതിനു പിന്നില്‍ വന്‍കിട ലോബിയും കേരള കോണ്‍ഗ്രസ്സുമാണ്.
കേരളാ കോണ്‍ഗ്രസുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ചെന്ന സംസ്ഥാന കാമ്പയില്‍ കമ്മറ്റി ചെയര്മാന് അഡ്വ.നാരായണന് നമ്പൂതിരിയെയും ജില്ലാ വൈസ് പ്രസിഡന്റ ടി.ആര്.നരേന്ദ്രനെയും 308 വകുപ്പ് ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കുവാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവും ആണ്. കേരളാകോണ്‍ഗ്രസ് നേതാക്കളുടെ സ്ഥാപിത താത്പര്യത്തിനായി പാലായിലെ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം ഹീനനടപടികളെ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടും. എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ എം.ആര്.ഉണ്ണിയെ തിരിച്ചെടുത്ത് ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള എല്ലാ സൗകര്യവും ചെയ്യുവാന്‍ മുഖ്യമന്ത്രി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയംഗം പ്രൊഫ.ബി.വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: