കൊല്‍ക്കത്ത: ഐപിഎല്ലില്‍ വിഷുദിനത്തില്‍ നടന്ന മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാന് റോയല്‍സിനും വിജയം. രാജസ്ഥാന് റോയല്‍സ് പഞ്ചാബ് കിംഗ്സ് ഇലവനെ 6 വിക്കറ്റിനും മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 48 റണ്‍സിന് ഹൈദരാബാദ് സണ്റൈസേഴ്സിനെയുമാണ് പരാജയപ്പെട്ടത്.
ജയ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു വി. സാംസണിന്റെ (27 നോട്ടൗട്ട്) മികച്ച ബാറ്റിംഗാണ് കിംഗ്സ് ഇലവനെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് 18.5 ഓവറില്‍ 124 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയല്‍സ് നാല് പന്തുകള്‍ ശേഷിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയം സ്വന്തമാക്കി. പഞ്ചാബ് നിരയില്‍ 41 റണ്‍സെടുത്ത ഡേവിഡ് ഹസ്സിയാണ് ടോപ് സ്കോറര്‍. ഹസ്സിക്ക് പുറമെ അസര്‍ മഹമൂദ് 23 റണ്‍സുമെടുത്തു. 10 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബ് കിംഗ്സ് ഇലവനെ ഹസ്സിയുടെയും അസര്‍ മഹമൂദിന്റെയും 15 റണ്‍സെടുത്ത പ്രവീണ്‍കുമാറിന്റെയും ഭേദപ്പെട്ട പ്രകടനമാണ് സ്കോര്‍ 124-ല്‍ എത്തിച്ചത്. രാജസ്ഥാന് റോയല്‍സിന് വേണ്ടി എസ്. ശ്രീശാന്തും കൂപ്പറും ഫള്‍ക്നറും സിദ്ധാര്‍ത്ഥ് ത്രിവേദിയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഓപ്പണര്‍മാരായ മന്ദീപ്സിംഗിനെയും ആദം ഗില്ക്രിസ്റ്റിന്യും പുറത്താക്കി എസ്. ശ്രീശാന്താണ് പഞ്ചാബ് കിംഗ്സ് ഇലവനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.
125 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് ഓപ്പണര്‍മാരായ ഷെയ്ന്‍വാട്സണും (32), അജിന്‍ക്യ രഹാനെയും (34 നോട്ടൗട്ട്) ചേര്‍ന്ന് മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാട്സണ് പുറത്തായശേഷം പെട്ടെന്ന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ മൂന്നിന് 58 എന്ന നിലയിലായി. ദ്രാവിഡ് 9 റണ്‍സെടുത്തും സ്റ്റുവര്‍ട്ട് ബിന്നി റണ്ണൊന്നുമെടുക്കാതെയും പ്രവീണ്‍കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ഹോഡ്ജ് 15 റണ്‍സെടുത്തും മടങ്ങിയതോടെ രാജസ്ഥാന് നാലിന് 79 എന്ന നിലയിലായി. പിന്നീട് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ് രഹാനെക്കൊപ്പം ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 19.2 ഓവറില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. സഞ്ജു 23 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളുമായാണ് 27 റണ്‍സെടുത്ത് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. പഞ്ചാബ് ടീമിന് വേണ്ടി പ്രവീണ്‍കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രാജസ്ഥാന്റെ ഫള്ക്നറാണ് മാന്‍ ഓഫ് ദി മാച്ച്. നാല് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാന്റെ മൂന്നാം വിജയമാണിത്.
കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഓള് റൗണ്ടര്‍ ജാക്ക് കല്ലിസിന്റെ ഓള്‍റൗണ്ട് മികവും മുന്‍നിര ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനവുമാണ് സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച വിജയം സമ്മാനിച്ചത്. 48 റണ്‍സിന് വിജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത നാല് മത്സരങ്ങളില്‍ നിന്ന് രണ്ടാം വിജയം കരസ്ഥമാക്കിയത്. അഞ്ച് മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്സിന്റെ രണ്ടാം പരാജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ കൊല്‍ക്കത്തക്ക് വേണ്ടി ബിസ്ല (28), ഗംഭീര്‍ (53), ജാക്ക് കല്ലിസ് (41), മോര്ഗന് (47) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. അര്‍ദ്ധസെഞ്ച്വറി നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് മാന്‍ ഓഫ് ദി മാച്ച്.
181 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് പാര്‍ത്ഥിവ് പട്ടേലും (27) കാമറൂണ്‍ വൈറ്റും (34) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്ന്നുവന്നവര്ക്ക് അത് മുതലാക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ഒന്നാം വിക്കറ്റില്‍ പാര്‍ത്ഥിവും വൈറ്റും ചേര്‍ന്ന് 9 ഓവറില്‍ 57 റണ്‍സാണ് നേടിയത്. ഇരുവരും അടുത്തടുത്ത് പുറത്തായത് സണ്‍റൈസേഴ്സിന് തിരിച്ചടിയായി. പിന്നീടെത്തിയവരില്‍ 36 റണ്‍സെടുത്ത തിസര പെരേര മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. സംഗക്കാര (2), രവി തേജ (10), ആശിഷ് റെഡ്ഡി (4), വിഹാരി (1)}എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടത് സണ്‍റൈസേഴ്സിന് കനത്ത തിരിച്ചടിയായി. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വിഴ്ത്തിയ ജാക്ക് കല്ലിസും രണ്ട് വിക്കറ്റ് വീഴ്ത്തിയ രജത് ഭാട്ടിയയും മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: