ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടത്തോടടുക്കുന്നു. ലീഗിലെ 32-ാം മത്സരത്തില്‍ സ്റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടത്തിലേക്ക് കുതിക്കുന്നത്. വിജയത്തോടെ യുണൈറ്റഡ് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 15 പോയിന്റെ ലീഡ് സ്വന്തമാക്കി. യുണൈറ്റഡിന് 32 മത്സരങ്ങളില്‍ നിന്ന് 80 പോയിന്റും സിറ്റിക്ക് 31 മത്സരങ്ങളില്‍ നിന്ന് 65 പോയിന്റുമാണുള്ളത്. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
സ്റ്റോക്ക് സിറ്റിയുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൈക്കല്‍ കാരിക്കും പെനാല്‍റ്റിയിലൂടെ റോബിന് വാന്‍പെഴ്സിയും നേടിയ ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. പന്തിന്മേല് കൂടുതല്‍ സമയം നിയന്ത്രണം സ്റ്റോക്കിനായിരുന്നെങ്കിലും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയാണ് അവര്‍ക്ക് തിരിച്ചടിയായത്. മത്സരം ആരംഭിച്ച നാലാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് മുന്നിലെത്തി. ഫില്‍ ജോണ്‍സ് ബോക്സിലേക്ക് നല്കിയ പാസ് പിടിച്ചെടുത്ത് മൈക്കല്‍ കാരിക്കാണ് നല്ലൊരു ഷോട്ടിലൂടെ സ്റ്റോക്ക് വല കുലുക്കിയത്. തൊട്ടുപിന്നാലെ പാട്രിക് എവറയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് 11-ാം മിനിറ്റില്‍ 30 വാര അകലെനിന്ന് വെയ്ന്‍ റൂണി തൊടുത്ത ലോംഗ്റേഞ്ച് ഷോട്ട് സ്റ്റോക്ക് ഗോളി കുത്തിയകറ്റി. എന്നാല്‍ ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ യുണൈറ്റഡിനും സമനിലഗോള്‍ നേടാന്‍ സ്റ്റോക്ക് സിറ്റിക്കും കഴിഞ്ഞില്ല.
രണ്ടാം പകുതി ആരംഭിച്ച് 20-ാം മിനിറ്റില്‍ മാഞ്ചസ്റ്ററിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. റോബിന് വാന്‍പെഴ്സിയെ ബോക്സിനുള്ളില്‍ വച്ച് ആന്‍ഡി വില്കിന്സണ് ഫൗള്‍ ചെയ്തതിനാണ് സ്പോട്ട് കിക്ക് ലഭിച്ചത്. കിക്കെടുത്ത വാന്‍പെഴ്സി സ്റ്റോക്ക് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു (2-0). തൊട്ടുപിന്നാലെ സ്റ്റോക്കിന്റെ മികച്ചൊരു ഷോട്ട് യുണൈറ്റഡ് ഗോളി രക്ഷപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് ദയനീയ പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സണ്ടര്ലാന്റിനോടാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. സണ്ടര്‍ലാന്റിന് വേണ്ടി സ്റ്റെഫാന്‍ സീസ്ഗ്നനും ആഡം ജോണ്‍സണും ഡേവിഡ് വോഗനും ഗോളുകള്‍ നേടി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആഴ്സണല്‍ നോര്‍വിച്ചിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മികച്ച വിജയം സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 56-ാം മിനിറ്റില്‍ ടര്‍ണര്‍ നേടിയ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് നോര്‍വിച്ച് മൂന്നെണ്ണം തിരിച്ചുവാങ്ങിച്ച് പരാജയം ഏറ്റുവാങ്ങിയത്. 7 മിനിറ്റിനിടെയാണ് ആഴ്സണല്‍ മൂന്നുതവണ എതിര്‍വലയില്‍ പന്തെത്തിച്ചത്. 85-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അര്‍ട്ടേറ്റയും 88-ാം മിനിറ്റില്‍ ജിറോഡും ഇഞ്ച്വറി സമയത്ത് ലൂക്കാസ് പൊഡോള്സ്കിയുമാണ് ആഴ്സണലിനുവേണ്ടി ഗോളുകള്‍ നേടിയത്. 32 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുമായി ആഴ്സണല്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: