ഡെന്‍പാസര്‍: ബാലി എയര്‍പോര്‍ട്ടിലേക്കുള്ള റണ്‍വെ തെറ്റി വിമാനം കടലില്‍ വീണു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബജറ്റ് എയര്‍ലൈനിന്റെ ലയണ്‍ എയര്‍ എന്ന ജെറ്റ് യാത്രാ വിമാനമാണ് റണ്‍വെയില്‍ എത്തേണ്ടതിന് പകരം കടലില്‍ വീണത്.
ബോയിംഗ് ജെറ്റ് വിമാനത്തില്‍ നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയില്‍ ഡെന്‍പാസര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുമ്പോഴായിരുന്നു റണ്‍വെ വിട്ടുപോയതെന്ന് ഗതാഗതമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹെറി ഭക്തി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിമാനം റണ്‍വെയില്‍ മറിയുകയായിരുന്നു എന്നാണ് ഭക്തി ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് വിമാനം നേരെ കടലില്‍ ലാന്റ് ചെയ്യുകയായിരുന്നു എന്ന് അദ്ദേഹം തിരുത്തി.
വിമാനം പകുതിയോളം വെള്ളത്തില്‍ മുങ്ങി നിന്നതായാണ് സംഭവസ്ഥലത്തെ ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. മുന്‍വശത്തെ വാതിലിന്റെ ഭാഗം ചരിഞ്ഞ് വെള്ളത്തില്‍ താണിരുന്നു. എയര്‍ക്രാഫ്റ്റിന്റെ പുറകുഭാഗത്ത് വലിയ പൊട്ടലുമുണ്ടായി. ലൈഫ് ജാക്കറ്റ് ധരിച്ച യാത്രക്കാര്‍ വെള്ളത്തില്‍ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. വിമാനം നിലത്തിറങ്ങാന്‍ തുടങ്ങവെ പെട്ടെന്ന് കടലിലേക്ക് വീഴുകയായിരുന്നൂവെന്ന് ദേവി എന്ന യാത്രക്കാരി പറഞ്ഞു. യാത്രക്കാര്‍ ഭയവിഹ്വലരായി അലറിക്കരഞ്ഞു. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോഴും അവരുടെ വാക്കുകള്‍ ഇടറിയിരുന്നു. തലയ്ക്ക് നിസ്സാര പരുക്കേറ്റ അവരെ ഡെന്‍പാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം രക്ഷപ്പെട്ട് ചികിത്സയിലിരിക്കുന്ന മറ്റ് ഒമ്പതുപേരുമുണ്ടായിരുന്നു.
737-800 നമ്പര്‍ വിമാനത്തില്‍ ആകെ 101 യാത്രക്കാരും ഏഴ് വിമാനജീവനക്കാരുമുണ്ടായിരുന്നെന്ന് ലയണ്‍ എയര്‍ വക്താവ് പറഞ്ഞു. യാത്രക്കാരില്‍ 95 പേര് പ്രായപൂര്‍ത്തിയായവരും അഞ്ച് കുട്ടികളും ഒരു പിഞ്ച് കുഞ്ഞുമുണ്ടായിരുന്നു. ഭക്തി ആദ്യം വെളിപ്പെടുത്തിയത് 130ലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ്. 2012ല്‍ സര്‍വീസ് ആരംഭിച്ച വിമാനം പുതിയതാണ്. ദേശീയ ഗതാഗത സുരക്ഷാ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എത്രപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും യാത്രക്കാര്‍ ഏതൊക്കെ രാജ്യങ്ങളിലുള്ളവരാണെന്നും ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അധികം അറിയപ്പെടാത്ത ലയണ്‍ എയര്‍ 13 വര്‍ഷം മുമ്പ് ഒരു വിമാനവുമായാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. സമീപകാലത്ത് 4600 കോടി യുഎസ് ഡോളര്‍ നല്കി ലോകത്തിലെ വലിയ രണ്ട്എയര്ക്രാഫ്റ്റുകള് വാങ്ങി സര്‍വീസ് ആരംഭിച്ചിരുന്നു. ബാലി വളരെ പ്രശസ്തമായ ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രമാണ്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: