പള്ളുരുത്തി: കൊച്ചി തീരക്കടലില്‍ തോട്ട പൊട്ടിച്ചുള്ള മത്സ്യബന്ധന രീതി വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഒരിടവേളക്കുശേഷം വര്‍ധിച്ചിരിക്കുന്ന ഇത്തരം മത്സ്യബന്ധനരീതി അന്യസംസ്ഥാന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. ഉള്‍ക്കടലില്‍ കൃത്രിമ പാരുകള്‍ (കൂടുകള്‍) തീര്‍ത്ത് അതില്‍ മാംസാവശിഷ്ടങ്ങളും ആഹാരവും നിക്ഷേപിച്ച് മത്സ്യങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കും. മുളകളും മരത്തിന്റെ ചില്ലകളും വെച്ചുണ്ടാക്കുന്ന പാരുകള്‍ അടിക്കടലിലേക്ക് കെട്ടിത്താഴ്ത്തിയ ശേഷം പാരുകള്‍ സ്ഥാപിച്ചതിന് മുകളിലായി ബോയകളില്‍ അടയാളം തീര്‍ക്കും. രണ്ടാഴ്ചക്കുശേഷം പാരുകള്‍ നിക്ഷേപിച്ചടുത്ത് അതിശക്തമായ സ്ഫോടനം നടത്തി മത്സ്യങ്ങളെ കൊന്നൊടുക്കി പിടികൂടുകയാണ് ഇക്കൂട്ടര്‍ ചെയ്തുവരുന്നത്. ആഴക്കടലിലെ മത്സ്യങ്ങളെ കൂട്ടക്കുരുതി നടത്തി പിടികൂടുന്ന രീതി കടലില്‍ മുന്‍പേ നിരോധിച്ചിട്ടുള്ളതാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇത്തരം രീതിക്ക് എതിരാണ്. കടലില്‍ മത്സ്യത്തൊഴിലാളികള്‍ ഒഴിയുന്ന സമയത്താണ് തോട്ടപൊട്ടിക്കല്‍. ചത്തുപൊങ്ങുന്ന മത്സ്യങ്ങളെ പിടികൂടി തമിഴ്നാട് തീരത്തെ മാര്‍ക്കറ്റുകളില്‍ എത്തിച്ചാണ് വില്‍പ്പന നടത്തിവരുന്നതെന്നാണ് സൂചന. വിദൂരനാളുകളിലേക്കുള്ള മത്സ്യപ്രജനനത്തെ തന്നെ ഇല്ലായ്മ ചെയ്തേക്കാവുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ മത്സ്യത്തൊഴിലാളി സ്ക്വാഡുകളെ ഇറക്കുമെന്ന് കൊച്ചി തീരത്തെ തൊഴിലാളികള്‍ പറയുന്നു. ഇത്തരം സാഹചര്യം സംജാതമായാല്‍ കടലില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷസാധ്യത ഉടലെടുക്കും. നിയമപാലകരും ബന്ധപ്പെട്ട ഫിഷറീസ് മറൈന്‍ ഡിപ്പാര്‍ട്ടുമെന്റും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് തടയിടാന്‍ രംഗത്തിറങ്ങണമെന്ന് മത്സ്യത്തൊഴിലാളി നേതാവ് വി.ഡി.മജീന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: