അഞ്ചല്‍: രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും മൂലം കഷ്ടപ്പെടുന്ന കിഴക്കന്‍ മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനെത്തിയിരിക്കുന്നവര് നാടുവിടുന്നു. കുടിവെള്ളക്ഷാമം മൂലം ഇവര്‍ താമസിക്കുന്ന ലോഡ്ജുകളിലും സ്ഥാപനങ്ങളിലും ദുരിതം നേരിടുകയാണ്. ഇവര്‍ക്ക് പ്രാഥമിക ആവശ്യത്തിനു പോലും വെള്ളം കിട്ടാത്തതാണ് നാടുവിടാന്‍ കാരണമാകുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കെ ജലക്ഷാമ പരിഹാരത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുഴല്‍കിണറുകള്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിച്ച് ജലം ശേഖരിക്കാമായിരുന്ന ഇവ അറ്റകുറ്റപ്പണികള്‍ നടത്താതെ മുഴുവനായും നശിച്ചു കഴിഞ്ഞു. ഫെറോസിമന്റ് ഉപയോഗിച്ച് റോഡുവക്കില്‍ സ്ഥാപിച്ചിരുന്ന ടാങ്കുകളും ഇന്ന് ഉപയോഗമില്ലാതെ നശിക്കുകയാണ്. പട്ടണങ്ങളിലെ ഹോട്ടലുകളില്‍ മലിനജലം ഉപയോഗിക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പധികൃതരുടെ ഭാഗത്തു നിന്ന് അന്വേഷണമില്ലാത്തത് ദുരൂഹത ഉയര്‍ത്തുകയാണ്. അടുത്തിടെ അഞ്ചലില്‍ കല്യാണ മണ്ഡപത്തില്‍ മലിനജലം ഉപയോഗിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. അഞ്ചല്‍ പട്ടണത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും പഞ്ചായത്ത് ബസ്സ്റ്റാന്റിലുള്ള പൊതുകിണര്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി ഉപയോഗിക്കുന്നത് പഞ്ചായത്ത് ഭരണസമിതി അറിഞ്ഞിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. കിഴക്കന്‍ മേഖലയില്‍ ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ദേവാലയങ്ങള്‍ ഉള്‍പ്പെടെ കുടിവെള്ളം വിലകൊടുത്തു വാങ്ങുകയാണ്.
വേനല്‍ കടുത്തതും ശുദ്ധജലം ലഭ്യമല്ലാത്തതും വേനല്‍കാല രോഗങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പനി, കടുത്തചുമ, തൊലിപ്പുറത്തുള്ള രോഗങ്ങള്‍ എന്നിവ വ്യാപകമായിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ അനധികൃത കുടിവെള്ള വ്യാപാരം തകൃതിയായി നടക്കുന്നു. ഇടതുകര കനാലില്‍ നിന്നുമാണ് കൂടുതലാളുകളും വെള്ളം നിറക്കുന്നത്. പശുക്കള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കു പോലും വെള്ളം കിട്ടാനില്ലാതെ പലയാളുകളും കിട്ടുന്ന വിലയ്ക്ക് വിറ്റ് രക്ഷപെടുകയാണ്. ചൂട് കനത്തതോടെ തൊഴിലുറപ്പ് പദ്ധതിയിലെ ജോലിയുള്‍പ്പെടെ നടക്കാത്തത് ദാരിദ്ര്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: