കൊല്ലം: ബീച്ച് നവീകരണത്തിന്റെ കരാറുകാരനെ വഴിവിട്ടു സഹായിക്കാന്‍ മേയര്‍ ശ്രമിക്കുന്നുവെന്ന് കൗണ്‍സിലില്‍ ആരോപണം. ബീച്ചുമായി ബന്ധപ്പെട്ടുള്ള കരാറില്‍ അടിസ്ഥാന സൗകര്യമെന്ന നിലയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത് കരാറുകാരനാണെന്നിരിക്കെ എംപി ഫണ്ട് ദുര്‍വിനിയോഗം ചെയ്യാന്‍ മേയര്‍ കൂട്ടുനിന്നുവെന്നാണ് ആരോപണം. ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ എംപി എന്‍. പീതാംബരകുറുപ്പിന്റെ പ്രാദേശിക വികസനഫണ്ടുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസിലെ സി.വി. അനില്‍കുമാര്‍ പ്രശ്നം ഉന്നയിച്ചത്.
എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി സിഡ്കോയില്‍ നിന്നും എട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതില്‍ ഒന്ന് ബീച്ചില്‍ സ്ഥാപിക്കണമെന്ന മേയറുടെ നിര്‍ദേശം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഡി. കാട്ടില്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് അനില്‍കുമാര്‍ ആരോപണമുന്നയിച്ചത്. കരാര്‍ പ്രകാരം ബീച്ചില്‍ നിലവിലുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമുള്ള ബാധ്യത കരാറുകാരനാണ്. എന്നാല്‍ കരാറുകാരനെ സഹായിക്കാന്‍ വേണ്ടി കെ.എന്‍. ബാലഗോപാല്‍ എംപിയുടെ ഫണ്ടില്‍ നിന്നുള്ള ഹൈമാസ്റ്റ് ലൈറ്റും ബീച്ചിലേക്ക് നിര്‍ദേശിച്ച മേയറുടെ നടപടി അപലപനീയമാണന്ന് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം എംപിയുടെ തന്നെ നിര്‍ദേശപ്രകാരമാണ് ബീച്ച് ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹത്തോട് ചര്‍ച്ച ചെയ്തശേഷം ആ തീരുമാനം വേണമെങ്കില്‍ പിന്‍വലിക്കാവുന്നതാണെന്നും മേയര്‍ മറുപടി നല്കി.
കോര്‍പ്പറേഷന്റെ കേസുകള്‍ തുടര്‍ച്ചയായി തോല്ക്കുന്നതുമൂലം അഭിഭാഷകനെ ഒഴിവാക്കണമെന്ന ആവശ്യവും കൗണ്‍സിലില്‍ ഉയര്‍ന്നു.
ഉളിയക്കോവില്‍ ശശി, എസ്. ശ്രീകുമാര്‍, എസ്. ജയന്, ടോമി, കമാലുദ്ദീന്, ബിനു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം മേല്പാലത്തിലേക്കുള്ള അനുബന്ധ റോഡും ട്രാഫിക് ഐലന്റും നിര്‍മ്മിക്കുന്നതിന് തടസമായി നില്ക്കുന്ന മരങ്ങള്‍ മുറിക്കുന്നതില്‍ നഗരസഭയുടെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മേയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇരുമ്പ് പാലത്തിന് സമാന്തരപാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പാലം താല്‍ക്കാലികമായി അടയ്ക്കുന്നതിന് മുമ്പായി ട്രാഫിക് ക്രമീകരണ കമ്മറ്റി വിളിച്ചു ചേര്‍ത്ത് മുന്‍കരുതലുകളും ക്രമീകരണങ്ങളും എടുക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: