അസ്തമിക്കാത്ത സൂര്യതേജസായി സമര്‍പ്പിത ജീവിതത്തിന്റെ അമൃതകണങ്ങള്‍ ചൊരിഞ്ഞ് മലയാളക്കരയില്‍ സംഘപ്രവര്‍ത്തനം അമരത്വത്തിലെത്തിച്ച ദിവ്യതേജസാണ് ഭാസ്ക്കര്‍റാവു. ഭാസ്ക്കര്‍റാവുജിയുടെ സ്മരണകള്‍ ഉണര്‍ത്തി കേരളക്കരയില്‍ ഉയരുന്ന ഭാസ്ക്കര്‍റാവു സ്മാരകമന്ദിരം ഏപ്രില്‍ ഏഴിന് നാടിന് സമര്‍പ്പിക്കുന്നു. രാവിലെ 10.30ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് സമുദ്ഘാടനം നിര്‍വ്വഹിക്കുക.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ അദ്ധ്യക്ഷത വഹിക്കും. എളമക്കരയിലെ പ്രാന്തകാര്യാലയത്തിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന സഭ നടക്കുന്നത്. ആദ്യകാല പ്രചാരകന്മാര്, ആചാര്യശ്രേഷ്ഠന്മാര്, സാമൂഹ്യസംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍, സംഘപരിവാര്‍ ചുമതലക്കാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സ്മാരക മന്ദിരം കേരളത്തിന് സമര്‍പ്പിക്കുന്നതോടെ അത് സംഘ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയാണ്. എറണാകുളത്ത് എളമക്കരയില്‍ രാഷ്ട്രധര്മ്മപരിഷത്തിന്റെ ഉടമസ്ഥതയിലുള്ള വിശാലവും പ്രകൃതി സുന്ദരവും പ്രശാന്തവുമായ സ്ഥലത്ത് സരസ്വതി വിദ്യനികേതന്‍ വിദ്യാലയത്തോട് ചേര്‍ന്നാണ് ഭാസ്ക്കര്‍റാവു സ്മാരക മന്ദിരം.
75000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷനുകളും സമ്മേളനങ്ങളും സെമിനാറുകളും മറ്റും നടത്തുവാന്‍ കഴിയുന്ന രിതീയിലാണ് മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. ശബ്ദ സംവിധാനത്തിനും കേന്ദ്രീകൃതശീതീകരണ നിയന്ത്രണത്തിനും ആവശ്യമായ സജ്ജീകരണങ്ങളോടുകൂടിയ, 2000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം. താമസിക്കുന്നതിനായി 20- ബാത്ത് അറ്റാച്ച്ഡ് മുറികളും രണ്ട് സ്യൂട്ടുകളും ഉണ്ട്. നവീന രിതീയുള്ള പാചക ശാലയും 750-പേര്‍ക്ക് ഉപയോഗിക്കാവുന്ന ഭോജനശാലയും മന്ദിരത്തിന്റെ ഭാഗമാണ്. പ്രധാന കവാടത്തിന് ഇരുവശങ്ങളിലായി ജല തടാകവും ഇതിനോട് ചേര്‍ന്ന് പുല്‍ത്തകിടിയും ചെടികളും ഇവിടം മനോഹരമാക്കുന്നു. കേരളത്തിന്റെ സാംസ്ക്കാരിക തനിമയെ ഉണര്‍ത്തുന്ന കൊത്തു പണികളും ഛായാ ചിത്രങ്ങളും മന്ദിരത്തില്‍ രൂപകലപന ചെയ്തിട്ടുണ്ട്. 300ലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യം ഇവിടെ ഉണ്ട്.
മന്ദിരത്തിന് ചുറ്റുമായി ഔഷധ സസ്യങ്ങളും ചെടികളും മറ്റും വെച്ചു പിടിപ്പിക്കും. അത്യാധുനിക ഖരമാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കും. വാസ്തു ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. 15 കോടി രൂപയാണ് മന്ദിര നിര്‍മ്മാണത്തിനായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജഗദ്ഗുരു ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളാണ് ശിലാന്യാസം നിര്‍വ്വഹിച്ചത്. സംഘപ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച പണം കൊണ്ടാണ് മന്ദിര നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സംഘപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മന്ദിര നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിച്ചു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: