കൊട്ടാരക്കര: വിവാദത്തെത്തുടര്‍ന്ന് മന്ത്രി പദവി ഒഴിഞ്ഞ കെ.ബി. ഗണേഷ്കുമാറിന്റെ പുതിയ പാര്‍ട്ടി നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെങ്കിലും തടസമായി നില്‍ക്കുന്നത് കൂറുമാറ്റ നിയമം. നിയമം ബാധകമാകാതിരിക്കണമെങ്കില്‍ എംഎല്‍എ സ്ഥാനവും ത്യജിക്കേണ്ടി വരും. കൂറുമാറ്റ നിയമത്തെ മറികടന്ന് എങ്ങനെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കഴിയുക എന്നും നിയമവിദഗ്ധരുമായി ഗണേഷ്പക്ഷം ആലോചന തുടങ്ങിക്കഴിഞ്ഞു. ഇതിനിടയില്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ സജീവമായി നിര്‍ത്താനുള്ള നീക്കങ്ങളും ഗണേഷ് ആരംഭിച്ചിട്ടുണ്ട്. ജനകീയവേദിയുടേത് അടക്കം തന്നെ പിന്തുണക്കുന്നവരുടെ ജില്ലാതല നേതാക്കളെ എല്ലാം ഇതിനകം വിളിപ്പിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. താഴെത്തട്ടില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും ശക്തമായ സംഘടനാ സംവിധാനത്തിലൂടെ സമാന മനസ്കരെയും ഒപ്പം കൂട്ടാനും ആണ് പദ്ധതി.
പത്തനാപുരത്ത് അണികള്‍ നേതാവിന് സ്വീകരണം നല്കാന് തീരുമാനിച്ചിരുന്നെങ്കിലും ഇത് നീട്ടിവച്ചിരിക്കുകയാണ്. തനിക്കൊപ്പം നില്‍ക്കുന്നവരെ ഉറപ്പിച്ച് നിര്‍ത്തിയശേഷം മതി കൂടുതല്‍ കാര്യങ്ങള്‍ എന്നാണ് ഇപ്പോഴത്തെ തീരുമാനം.
പുതിയ പാര്‍ട്ടി പ്രഖ്യാപനം ഏപ്രില്‍ 14ന് ഉണ്ടാകുമെന്ന സൂചനയുണ്ട്. എന്നാല്‍ കൂറുമാറ്റം എന്ന ആയുധം ബാലകൃഷ്ണപിള്ള പ്രയോഗിക്കും എന്നുറപ്പുള്ളതുകൊണ്ട് പ്രഖ്യാപനം കരുതലോടെ മാത്രമേ ഉണ്ടാകൂ. കൂടുതല്‍ പേരെ ഒപ്പം നിര്‍ത്തി യഥാര്‍ത്ഥ പാര്‍ട്ടി തന്റേതാണെന്ന് പ്രഖ്യാപിക്കാന്‍ നീക്കം നടത്തിയെങ്കിലും പാര്‍ട്ടി ഭാരവാഹികള്‍ കൂടുതലും പിള്ളയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് എന്നത് ഈ നീക്കത്തിനും തടസ്സമായി. എന്‍എസ്എസില്‍ നിന്ന് പ്രതീക്ഷിച്ചത്ര പിന്തുണ കിട്ടിയില്ലെന്നത് മറ്റൊരു തിരിച്ചടിയായി. ആവശ്യം വരുമ്പോള്‍ മാത്രം എന്‍എസ്എസിനെ ആശ്രയിക്കുന്നവര്‍ എന്ന ചീത്തപ്പേരിനും ഇത് കാരണമായി. കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും കരുത്തുമായി മുന്നോട്ടു പോകാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. പിള്ളയെ യുഡിഎഫില്‍ നിന്ന് ഒഴിവാക്കി തന്റെ പാര്‍ട്ടിയെ പകരം ഉള്‍പ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആണ് ഇപ്പോള്‍ മെനയുന്നത്. ഉമ്മന്‍ചാണ്ടിക്കും പി.പി. തങ്കച്ചനും എതിരെയുള്ള പിള്ളയുടെ വാക്കുകള്‍ മുതലെടുത്ത് യുഡിഎഫില്‍ നിന്നും പിള്ളയെ പുറത്ത് ചാടിക്കാനാണ് ശ്രമങ്ങള്‍.
യുഡിഎഫിനോട് ചേര്‍ന്നു പോകുന്നതില്‍ പിള്ളയ്ക്കും താല്പര്യം ഇല്ലാത്ത അവസ്ഥയാണ്. താന്‍ നല്കിയ കത്ത് ഒന്നരവര്‍ഷമായിട്ടും പരിഗണിക്കാതെ തന്നെ ഫുട്ബോള്‍ പോലെ തട്ടിക്കളിച്ചത് പിള്ള എന്ന രാഷ്ട്രീയ പ്രമാണിയെ അരിശം കൊള്ളിച്ചിരുന്നു. ഇത് പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ എല്‍ഡിഎഫിനോട് ചായ്വ് പ്രകടിപ്പിച്ച് ചില യോഗങ്ങളില്‍ പിള്ള തന്നെ ഉദ്ഘാടകനായി എത്തുകയും ഉണ്ടായി. പിള്ളയെ കള്ളനെന്നും മാടമ്പിയെന്നും ആക്ഷേപിച്ചിരുന്ന സിപിഎം, സിപിഐ നേതാക്കള്‍ തങ്ങളുടെ വേദിയില്‍ എത്തുന്ന പിള്ളയോട് പ്രകടിപ്പിക്കുന്ന അമിത വിധേയത്വം ഇതിന് ആക്കം കൂട്ടുന്നു. ഇതിനിടയില്‍ വന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. പിള്ളയുടെ പുതിയ എല്‍ഡിഎഫ് പ്രേമവും എല്‍ഡിഎഫിന്റെ പിള്ള വിധേയത്വവും പുതിയ രാഷ്ട്രീയ ബാന്ധവത്തിലേക്ക് വെളിച്ചം വീശുന്നു. എല്‍ഡിഎഫ് കോട്ടയായിരുന്ന പത്തനാപുരം പിള്ളയെ ഉപയോഗിച്ച് തിരിച്ചു പിടിക്കാം എന്ന മോഹവും ഇതില്‍ ഉണ്ട്. സിപിഐയാണ് പിള്ളയോട് കൂടുതല്‍ വിധേയത്വം പുലര്‍ത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി മത്സരിച്ചു പരാജയപ്പെട്ട സീറ്റ് അച്ഛനും മകനും തമ്മിലുള്ള ശത്രുത മുതലെടുത്ത് തിരിച്ചു പിടിക്കാനാണ് പുതിയ തന്ത്രം.
ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: